രാവണ രാജ്യം തേടി ഒരു മലയാളി യുവാവിന്റെ യാത്ര

0
359

മൂന്ന് ദിവസം കൊണ്ട് ശ്രീലങ്ക കണ്ടു തീർക്കുക എന്നത് ഭ്രാന്തമായ ഒരു ചിന്ത ആയിരുന്നു. കാരണം അത്രയേറെ കാണാൻ ഉണ്ട് രാവണന്റെ ലങ്ക. പ്രധാന ലക്ഷ്യം Blue Whale Watching ഉം സിഗിരിയ മല കയറ്റവും ആയിരുന്നു. അതിന്റെ കൂടെ ചുരുങ്ങിയ സമയം കൊണ്ട് പരമാവധി എന്തൊക്കെ കാണാൻ പറ്റും എന്ന് ഗൂഗിൾ മാപ്പ് വെച്ച് ആഞ്ഞു തപ്പി. അങ്ങനെ ശ്രീലങ്കൻ മാപ്പിൽ ഒരു വട്ടം വരച്ചു. കൊളംബോ എയർപോർട്ടിൽ തുടങ്ങി എയർപോർട്ടിൽ തന്നെ അവസാനിക്കുന്ന ഒരു വല്യ വട്ടം.

5 Friends, 3 days, 800 KM

Colombo Bandaranaike International Airport – Pinnawala Elephant Orphanage – Sigiriya Rock – Dambulla Cave Temple – Ella – Yala National Park – Mirissa – Galle – Hikkaduwa – Colombo Bandaranaike International Airport

സമയം കുറവായതിനാൽ ബസ്സ് ഒഴിവാക്കി ഓൺലൈൻ വഴി 3 ദിവസത്തേക്ക് ടാക്സി കാർ ബുക്ക് ചെയ്തു. ഞങ്ങളുടെ പ്ലാൻ കണ്ടിട്ട് ആദ്യം തെറി പറഞ്ഞെങ്കിലും ഡ്രൈവർ ചേട്ടൻ ഈ പറഞ്ഞ സ്ഥലത്തു എല്ലാം എത്തിക്കാം എന്ന് ഏറ്റു. ഡ്രൈവർ ഉൾപ്പടെ 6 പേർക്ക് യാത്രക്ക് പറ്റിയ Toyota Hiace ആണ് വണ്ടി. എല്ലാം കൂടി 40,000 ശ്രീലങ്കൻ റുപ്പി. ശ്രീലങ്കൻ റുപ്പിക്ക് ഇന്ത്യൻ റുപ്പിയെ അപേക്ഷിച്ചു മൂല്യം കുറവാണ്. (1 Indian Rupee = 2.42 Sri Lankan Rupee)

അങ്ങനെ വണ്ടി റെഡി. പിന്നെ airbnb.com വഴി Ella യിലും Mirissa യിലും റൂം ബുക്ക് ചെയ്തു.
ഇത് കൂടാതെ Mirissa യിൽ Blue Whale Watching ന് ബോട്ടിൽ സീറ്റ് റിസേർവ് ചെയ്തു.
Blue Whale Watching ന് ഒരാൾക്കു 6000 ശ്രീലങ്കൻ റുപ്പി ആണ്. ഇത് അവിടെ എത്തിയിട്ട് കൊടുത്താൽ മതി.

ഓൺലൈൻ വഴി Visa ക്ക് അപേക്ഷിച്ചാൽ24 മണിക്കൂറിനുള്ളിൽ E-Visa ഇമെയിൽ വഴി ലഭിക്കും. ഇതിന്റെ പ്രിന്റ് ഔട്ട് എയർപോർട്ടിൽ കാണിച്ചാൽ എൻട്രി കിട്ടും. ഒടുവിൽ 2017 Dec 21 ന് രാവിലെ 4:30 ക്ക് Colombo Bandaranaike International Airport ൽ ലാൻഡ് ചെയ്തു. ഇമ്മിഗ്രേഷൻ കഴിഞ്ഞു പുറത്തിറങ്ങിയ ഞങ്ങളെ ഡ്രൈവർ മുൻകൂട്ടി പറഞ്ഞ പ്രകാരം എയർപോർട്ടിൽ നിന്ന് പെറുക്കി എടുത്തു. അങ്ങനെ മാരത്തോൺ യാത്ര തുടങ്ങുകയായി.

ആദ്യ ലക്ഷ്യം Pinnawala Elephant Orphanage ആണ്. എയർപോർട്ടിൽ നിന്ന് 3 മണിക്കൂറിൽ ഇവിടെ എത്തി. വരുന്ന വഴിക്ക് ആ കർമ്മം അങ്ങോട്ട് കഴിച്ചു. ഏത്? ഫുഡ് ഫുഡ്. Pinnawala യിൽ എത്തി ആദ്യം ആന സഫാരി. ഒരാൾക്ക് 20-30 മിനിറ്റ് നേരത്തേക്ക് 2000 ശ്രീലങ്കൻ റുപ്പി. നമ്മളെ പുറത്തിരുത്തി ചെറിയ ഒരു തോട്ടിൽ ഇറങ്ങിയ നോന എന്ന ആന തുമ്പികയ്യിൽ വെള്ളം കോരി ഞങ്ങളേ ഫ്രീ ആയിട്ട് കുളിപ്പിച്ചു തന്നു. ശ്രീലങ്കയിൽ നിന്ന് കുളിക്കില്ല എന്ന എന്റെ വൃതം അവിടെ തെറ്റി. 10 മണിക്ക് Orphanage ലെ ആനകൂട്ടം പുഴയിൽ കുളിക്കാൻ വരും. ആ കുളി സീൻ ഒരു സംഭവമാ കേട്ടോ. ഏകദേശം 11 മണിക്ക് യിൽ Orphanage നിന്ന് Sigiriya ക്ക് യാത്ര തിരിച്ചു. 3 മണിക്ക് എത്തി. വരുന്ന വഴി ഫുഡിന്റെ കാര്യം മറന്നില്ല. അങ്ങനെ മറക്കാൻ പറ്റുവോ?

Sigiriya ലെ Lion Rock ദൂരെ നിന്ന് കണ്ടപ്പോ തന്നെ കിളി പോയി. തലയെടുപ്പോടെ അങ്ങനെ നിക്കുവാ. 2500 ശ്രീലങ്കൻ റുപ്പി കൊടുത്തു ടിക്കറ്റ് എടുത്ത് അകത്തു കയറി. തൂണിലും തുരുമ്പിലും തുപ്പൽ കൊളംബിയിലും വരെ പച്ചപ്പും ഹരിതാഭവും. മഴ മൂടി നിൽക്കുന്ന കാലാവസ്ഥ കൂടി ആയപ്പോ ഉഗ്രൻ ഫീൽ. UNESCO World Heritage Site ൽ ഇടം നേടിയ Sigiriya മലക്ക് മുകളിൽ Kasyapa രാജാവിന്റെ കൊട്ടാരം ആയിരുന്നു. ആ മല മുകളിൽ നിന്ന് താഴോട്ട് നോക്കിയാൽ ഭൂമി കാൽച്ചുവട്ടിൽ ആണെന്ന് തോന്നി പോകും. Sigiriya കേറി ഇറങ്ങാൻ 1:30-2 മണിക്കൂർ എടുക്കും. കാഴ്ചകൾ എല്ലാം കണ്ട് 3 മണിക്കൂർ കൊണ്ട് തിരികെ എത്തി. 6 ആയപ്പോ Ella യിലേക്ക് യാത്ര തിരിച്ചു. ഇന്ന് അവിടെ ആണ് താമസം. 9:30 ക്ക് Ella എത്തി. നമ്മുടെ മൂന്നാറിന്റെ ഒക്കെ ഒരു അന്തിരീക്ഷം. നല്ല തണുപ്പ്.

Ella യിൽ ഞങ്ങൾ താമസിച്ച One Love Paradise റൂമിൽ നിന്ന് നോക്കിയാൽ മനോഹരമായ സൂര്യോദയം കാണാം. മൂടൽ മഞ്ഞും വെള്ളച്ചാട്ടവും അതിനു മുകളിലൂടെ ട്രെയിൻ പോകുന്ന കാഴ്ചയും ബോണസ് ഓഫർ.

രണ്ടാം ദിവസം 11 മണി ആയപ്പോൾ Yala National Park ലേക്ക് തിരിച്ചു. 2:30 ക്ക് പാർക്ക് എത്തി. അവിടെ നിന്ന് സഫാരിക്ക് ജീപ്പ് ബുക്ക് ചെയ്തു. 4 മണിക്കൂർ കാടിന്റെ ഉള്ളിൽ ഡ്രൈവ്. ഒരാൾക്ക് 6000 ശ്രീലങ്കൻ റുപ്പി. അപൂർവമായി ദർശനം തരുന്ന കരടിയെ ഉൾപ്പടെ കുറേ പേരേ കാട്ടിൽ വെച്ച് പരിചയപെട്ടു. 6:30 ക്ക് തിരിച്ചെത്തി Mirissa ക്ക് യാത്ര തിരിച്ചു. 9:30 ക്ക് Mirissa എത്തി. ബീച്ച് സൈഡിൽ മനോഹരമായ ഒരു വീട്. കടലിന്റെ ശബ്ദം കേട്ട് നേരത്തെ ഉറങ്ങി. അതിരാവിലെ Whale Watching ന് പോകണം.

രാവിലെ 6:30 ക്ക് ഫെറി എത്തി. 6000 ശ്രീലങ്കൻ റുപ്പി കൊടുത്തു ടിക്കറ്റ് എടുത്തു. 7 മണിക്ക് ബോട്ട് യാത്ര തുടങ്ങി. രാവിലത്തെ ഭക്ഷണം ഫ്രീ ആണ്. ഭക്ഷണം ഒക്കെ കഴിച്ചു ബോട്ടിന്റെ മുന്നിൽ തന്നെ സ്ഥാനം പിടിച്ചു. ശ്രീലങ്ക വന്നത് തന്നെ പുള്ളിയെ ഒന്ന് കാണാനാ. ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോ കൂടെ ഉണ്ടായിരുന്ന സായിപ്പ് ബ്രോ കാണിച്ച ദിശയിൽ നോക്കിയപ്പോ അത് കണ്ടു. ഒരു ചീറ്റൽ. പിന്നെ മുങ്ങുന്ന വഴിക്ക് ഒരു വാലും. ഭൂമിയിലെ ഏറ്റവും വലിയ ജീവി. നീല തിമിംഗലം. പിന്നെയും ഒരു 5-6 എണ്ണത്തിനെ കണ്ടു. അടുത്ത് കാണാൻ പറ്റിയില്ലേലും വന്ന കാര്യം നടന്നല്ലോ, ഒന്ന് കാണാൻ പറ്റിയല്ലോ എന്ന് ആശ്വസിച്ചു ഫോട്ടോസ് എടുത്തു. 4-5 മണിക്കൂറിൽ തിരിച്ചെത്തി.

ഭക്ഷണം കഴിച്ച ശേഷം Galle ഫോർട്ട് ലേക്ക് പോയി. പിന്നെ Colombo Airport ലേക്ക് ഉള്ള യാത്ര മദ്ധ്യേ Hikkaduwa ബീച്ചിൽ ചെറിയ നീരാട്ട്. 8 മണിക്ക് ബീച്ചിൽ നിന്ന് തിരിച്ചു. 11:30 ആയപ്പോൾ Colombo Bandaranaike International Airport എത്തി. 3 ദിവസം കൊണ്ട് ഇത്രയും കാണാൻ പറ്റും എന്ന് വിചാരിച്ചില്ല. എല്ലാത്തിനും ഡ്രൈവർ ചേട്ടന് നന്ദി. ശ്രീലങ്കക്ക് നന്ദി.
courtesy Ajith Mathew Travel Photographer & FACEBOOK

SHARE

LEAVE A REPLY

Please enter your comment!
Please enter your name here