സമകാലിക പ്രസക്തിയുള്ള ഒരു ഫേസ്ബുക് പോസ്റ്റ് പ്രസിദ്ധീകരിക്കുന്നു ..ഏറെ ചിന്തനീയമായ പോസ്റ്റ്

0
314

ഖലീൽ ജിബ്രാന്റെ പ്രവാചകൻ കുഞ്ഞുങ്ങളെ കുറിച്ച് പറഞ്ഞത് ഒന്ന് കാണുക. എത്ര ഹൃദ്യം …

ശ്രീനാരായണ ഗുരുവും
ഫാ. ബോബി ജോസ് കട്ടിക്കാടും
ലോകത്തിന്റെ, തലമുറകളുടെ ഗുരുവാകേണ്ടിയിരുന്ന ഒരാള്‍ ഒരു മതത്തിന്റെയോ സമൂദായത്തിന്റെയോ പരിഷ്‌ക്കര്‍ത്താവ് മാത്രമായി ഒതുങ്ങിപ്പോയത് ഈ ശ്രീനാരായണ ഗുരുസമാധി ദിനത്തില്‍ നീറുന്ന ഹൃദയവേദനയാണ്. താരതമ്യത്തില്‍ വിശ്വസിക്കുന്നില്ലെങ്കിലും അസ്സീസിയയിലെ ഫ്രാന്‍സീസിന്റെയും മന്‍സൂറിന്റെയും ജിബ്രാന്റെയും റൂമിയുടെയും ഖയ്യാമിന്റെയും നിരയില്‍ തന്നെയാണ് ദര്‍ശനപരമായി ഗുരുവിന്റെയും ഇരിപ്പിടം. ഭൂമിയില്‍ ദൈമല്ലാത്തതെല്ലാം ഉള്ളതായി തോന്നുമെന്ന ഒരൊറ്റ വെളിപാടു മാത്രം മതി ആഗോള മിസ്റ്റിസിസത്തിന്റെ കൊടുമുടിയില്‍ ഗുരുവിനെ പ്രതിഷ്ഠിക്കാന്‍. ശങ്കരന്റെ അദ്വൈത ദര്‍ശനവും മന്‍സൂര്‍ ഹല്ലാജിന്റെ അനല്‍ ഹഖും മതേതര ആത്മീയത എന്ന ആശയം ഇന്നത്തെ പോലെ വേരോടാത്ത എണ്ണൂറുകളില്‍ തന്നെ ഗുരുമൊഴികളില്‍ കാണാം. എന്നിട്ടും ഗുരുവിനെ ഒരു ജാതി ഒരു മതം ഒരു ദൈവത്തില്‍ മാത്രം തളച്ചിടപ്പെട്ടു. ഈ തടങ്കലില്‍ നിന്ന് ഗുരുദര്‍ശനങ്ങള്‍ക്ക് മോചനം നല്‍കിയത് ഇന്നലെകളില്‍ നിത്യ ചൈതന്യ യതിയുടെയും ഇന്ന് സുനില്‍ പി ഇളയിടത്തിന്റെയും ഷൗക്കത്തിന്റെയും എഴുത്തും ശബ്ദവുമാണെന്ന് ഞാന്‍ വിചാരിക്കുന്നു.ഗുരുവിനെ ലോകത്തിന് നിഷേധിക്കപ്പെട്ടതിന്റെ കാരണക്കാര്‍ അന്നത്തെ തലമുറയോ ശിഷ്യന്മാരോ മലയാള ഭാഷയോ മാത്രമാണെന്ന് വിശ്വസിക്കുന്നില്ല; ഗുരു തന്നെയും അതിന് ഒരു പരിധിവരെ കാരണക്കാരനായിരുന്നു എന്നാണ് എന്റെ നിരീക്ഷണം. കാരണം ഗുരു കൂടുതലായും അഭിസംബോധന ചെയ്തത് ഹിന്ദുക്കളെ ആയിരുന്നു. അദ്ദേഹത്തിന്റെ ഭാഷയും പ്രയോഗവും അവരുമായുള്ളതിനപ്പുറത്തെ സംവേദനം സാധ്യമാക്കിയില്ല.

ഇനി ഫാ. ബോബി ജോസ് കട്ടികാടിലേക്ക് വരാം. ആകുലതകളുടെ ഔഷധവും അന്വേഷിയുടെ അത്താഴവുമാണ് ഫാ കട്ടികാട്. അദ്ദേഹം നമ്മെ മൊഴിയിലൂടെ ആഴങ്ങള്‍ അനുഭവിപ്പിക്കുന്നു. കേള്‍ക്കാന്‍ ഭാഗ്യമില്ലാത്തവര്‍ കൂട്ടും നിലത്തെഴുത്തും സഞ്ചാരിയുടെ ദൈവവുമൊക്കെ വായിച്ച് അദ്ദേഹത്തെ അറിയുന്നു. അങ്ങനെയുള്ള ആ ഗുരുവും ഒരു മതത്തിന്റേതു മാത്രമായി ക്ലിപ്തപ്പെട്ടുപോകുമെന്ന് ഞാന്‍ ഭയപ്പെടുന്നു. കാരണം അദ്ദേഹം കൂടുതലായും അഭിസംബോധന ചെയ്യുന്നത് ക്രിസ്തുമതവുമായി ബന്ധമുള്ളവരെയാണ്. ഇതര മതവിശ്വാസികള്‍ക്കോ മതമില്ലാത്തവര്‍ക്കോ അദ്ദേഹത്തെ നേരിട്ട് കേള്‍ക്കാന്‍ സാഹചര്യമില്ല. കാരണം അദ്ദേഹത്തിന്റെ ധ്യാനങ്ങള്‍ അധികവും പള്ളികളിലോ അനുബന്ധ സ്ഥാപനങ്ങളിലോ ആണ്. അവിടങ്ങളില്‍ എല്ലാവര്‍ക്കും പ്രവേശനം ഉണ്ടായേക്കാം, എന്നാല്‍ പോലും അത് മറ്റുള്ളവരെ അതില്‍ നിന്ന് തടയും. അദ്ദേഹത്തിന്റെ പ്രയാണം ഇങ്ങനെ തന്നെ തുടരുകയാണെങ്കില്‍ നാളെ വിശ്വാസി സമൂഹം ദൈവസ്‌നേഹിയായ ഒരു ക്രിസ്ത്യന്‍ പുരോഹിതന്‍ മാത്രമായി ഒതുക്കിയേക്കാം, ഇതുവഴി ചിലപ്പോള്‍ ദശകങ്ങള്‍ കഴിയുമ്പോള്‍ അദ്ദേഹത്തെ വത്തിക്കാന്‍ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചേക്കാം. എന്നാല്‍ പോലും അദ്ദേഹം എല്ലാവരുടെതുമായിത്തീരുന്നില്ല.

ഇക്കാര്യം എനിക്ക് മുമ്പേ അദ്ദേഹം തന്നെ മനനം ചെയ്തിട്ടുണ്ടാവുമെന്ന് എനിക്കുറപ്പുണ്ട്. എന്നിട്ടും എന്തുകൊണ്ട് ഇങ്ങനെ മാത്രം തുടരുന്നു എന്ന ചോദ്യത്തിനും അദ്ദേഹത്തിന് ന്യായീകരണം ഉണ്ടായേക്കാം. ഇക്കാലത്ത് എന്തെങ്കിലും ആരെങ്കിലും കേള്‍ക്കണമെങ്കില്‍ ഏതെങ്കിലും കുപ്പായത്തിനകത്തു നിന്ന് മൊഴിയേണ്ടതുണ്ടെന്നോ അങ്ങനെ മാത്രം ആയതുകൊണ്ട് അവരെങ്കിലും കേള്‍ക്കുന്നുണ്ടല്ലോ എന്നോ ആയിരിക്കാം അത്. അങ്ങയ്ക്ക് യേശു ഒരു മറയാണെന്നും മതം ഒരു മാദ്ധ്യമം മാത്രമാണെന്നും ഞങ്ങള്‍ക്കും അറിയാം. യേശു താങ്കളിലൂടെ എന്ന പോലെ താങ്കള്‍ യേശുവിലൂടെയും സംസാരിക്കുന്നു എന്നും ബോധ്യമുണ്ട്. എന്നാല്‍ എല്ലാവരും ഇത് തിരിച്ചറിയണമെന്നില്ല. അതിനാല്‍ ത മഹാ വിശപ്പിന്റെ ശൂന്യതയില്‍ കഴിയുന്ന വലിയ വലിയ വൃത്തിലേക്ക് ഞാന്‍ താങ്കളെ ക്ഷണിക്കുന്നു. ആ പാഥേയം അവര്‍ക്കു കൂടി, ഇനി വരാനുള്ളവര്‍ക്കു കൂടി പകുത്തു നല്‍കുക. ഇക്കാര്യത്തില്‍ ദയവായി നിര്‍ബന്ധിക്കരുത്; വിളമ്പിയതു മാത്രം ഭക്ഷിപ്പാന്‍.
താജുദ്ദീൻ AP

SHARE

LEAVE A REPLY

Please enter your comment!
Please enter your name here