മുതിർന്നവരുടെ ആരോഗ്യ പ്രശനങ്ങൾ

0
350

കുട്ടികളുടെ ആരോഗ്യത്തിലും വയസ്സായവരുടെ ആരോഗ്യത്തിലും നമ്മുടെ സമൂഹത്തിനുള്ള ശ്രദ്ധ വളരെ വ്യത്യസ്തമാണ്. കുട്ടികളുടെ ചികിത്സാ വിഭാഗമായ പീഡിയാട്രിക്സ് കേരളത്തിലെ മിക്കവാറും ആശുപത്രികളിൽ ഉള്ളപ്പോൾ വയസ്സായവരുടെ ചികിത്സക്ക് വേണ്ടിയുള്ള Geriatrics എന്ന സ്പെഷ്യലൈസേഷൻ ഇപ്പോൾ കേരളത്തിൽ വളരെ കുറച്ചു ആശുപത്രികളിൽ മാത്രമേ ഉള്ളൂ. വയസ്സായവർ കുടുംബത്തിൽ അനുഭവിക്കുന്ന അവഗണനയുടെ ഒരു പ്രതിഫലനം ആണിത്.
Dr Liza Thomas ഇത് വളരെ നന്നായി എഴുതി.
——————————-
*ഒരു ഡോക്ടറുടെ ഡയറിക്കുറിപ്പ്*
-ഡോ. ലിസ തോമസ്
വാരാന്ത്യം ആയതിനാൽ ഇന്ന് ഒ. പി. നന്നേ തിരക്ക് പിടിച്ചതായിരിക്കുമല്ലോ എന്ന് ആലോചിച്ചു കൊണ്ട് ഞാൻ തിടുക്കത്തിൽ ആശുപത്രിവരാന്തയിലൂടെ എന്റെ മുറിയിലേക്ക് നടന്നു. പുഞ്ചിരിയോടെ സുപ്രഭാതം ആശംസിച്ചുകൊണ്ട് തിരക്കിട്ടു നടന്നുനീങ്ങുന്ന നേഴ്സുമാർ-രോഗങ്ങളുടെയും മരുന്നുകളുടെയും ലോകത്ത് ആശ്വാസത്തിന്റെ പ്രകാശം പരത്തുന്ന മാലാഖമാർ.രോഗാവസ്ഥയുടെ ദൈന്യതയും നിസ്സഹായതയും വിളിച്ചറിയിക്കുന്ന ശുഷ്കമേനികളും വിഹ്വലനേത്രങ്ങളും പതിവു പോലെ വരാന്തയിൽ തിരക്ക് കൂട്ടുന്നുണ്ടായിരുന്നു.എന്നത്തേയുംപോലെ ഈശ്വരനെ മനസ്സിൽ ധ്യാനിച്ച് ജോലി തുടങ്ങി.
കുട്ടികളുടെ ഒ. പി.ആയതിനാൽ തലേ ദിവസം കഴുകി വൃത്തിയാക്കി വെച്ച കളിപ്പാട്ടങ്ങൾ സിസ്റ്റർ ഭംഗിയായി മുറിയിൽ ഒതുക്കി വെച്ചു.എന്നിട്ട് ആദ്യത്തെ പേര് നീട്ടിവിളിച്ചു: ‘ശ്രീ കുട്ടീ…’ അമ്മയുടെ കൈയിൽ തൂങ്ങി ഒരല്പം പേടിയോടെ ശ്രീകുട്ടി കടന്നുവന്നു..പിന്നെ പാർവതി…മരിയ… അപ്പു……
പേരുകൾ മാറിമാറി വിളിക്കുന്തോറും കുസൃതിക്കുരുന്നുകൾ ഒരോരുത്തരായി മുറിയ്ക്കകത്തേയ്ക്കു കയറി വന്നു-പുഞ്ചിരിയും പൊട്ടിച്ചിരിയും കലപിലയും പതംപറച്ചിലും കരച്ചിലും കളിചിരിയുമായി എന്നോട് മല്ലിടുന്ന കുട്ടിപ്പട്ടാളത്തെ കളിചിരിയും കിളിക്കൊഞ്ചലും സമാധാനസംഭാഷണങ്ങളും മോഹനവാഗ്ദാനങ്ങളുമടങ്ങുന്ന പതിനെട്ടു അടവുകളും പയറ്റഒന്നു വീക്ഷിച്ചും സ്പർശിച്ചും കൊട്ടിയും ശ്രവിച്ചും പരിശോധിക്കാൻ ഞാൻ കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരുന്നു.
സമയം ഉച്ചയോടടുത്തു.ഇനി ഒരു മാളൂട്ടിയെക്കൂടി കാണാനുണ്ട്. ‘മാളൂട്ടീ….’സിസ്റ്റർ നീട്ടി വിളിച്ചു. കൈ നിറയെ കളിപ്പാട്ടങ്ങളുമായി കുഞ്ഞു മാളു കയറി വന്നു….അവളുടെ പിന്നാലെ ആഗതമായ രാജകീയ ഘോഷയാത്ര എന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു…മാളൂട്ടിയുടെ കൂടെ അച്ഛൻ,അമ്മ,ചേട്ടൻ,അപ്പൂപ്പൻ,അമ്മൂമ്മ,അമ്മായി,പിന്നെ അയലത്തെ ചേച്ചി!!!കുട്ടികളുടെ ഒ.പി.യിൽ ആകുലരായ ബന്ധുമിത്രാദികളുടെ ബാഹുല്യം ഒരു പതിവു കാഴ്ച ആയതിനാൽ ഞാൻ ഉടനടി സംയമനം വീണ്ടെടുത്തു. മാളൂട്ടിക്കു ഡോക്ടറെ കാണുമ്പോൾ കരച്ചിൽ വരും.അതിനാൽ കരച്ചിൽ തടയാൻ വിദഗ്ധമായ ഒരു പ്രതിരോധസേനയെ വിന്യസിപ്പിച്ചു കൊണ്ടാണു കക്ഷി എന്റെ മുന്നിൽ വിരാജിക്കുന്നത്.
‘എതിർകക്ഷി’യെ പ്രീതിപ്പെടുത്തിയും പാട്ടിലാക്കിയും ഞാൻ രോഗവിവരങ്ങളിലേയ്ക്കു കടന്നു.
മാളൂട്ടി എന്ന മിടുക്കിക്കുട്ടിയുടെ അകമ്പടിക്കാർ പരാതിപ്പെട്ടി തുറന്നു…
‘മാളൂട്ടി ഒന്നും കഴിക്കുന്നില്ല’…. അമ്മ.
‘തീരെ വിശപ്പില്ല’ ….. അമ്മൂമ്മ.
‘കുട്ടിക്ക് ആകെ ക്ഷീണവും തളർച്ചയുമാണ്..രക്തം പരിശോധിക്കണ്ടിവരുമോ ഡോക്ടർ’ …. അമ്മായി.
‘ഒരു ഭക്ഷണത്തോടും താത്പര്യമില്ല’ …. അയലത്തെ ചേച്ചി.
‘ഉറക്കം കുറവാണ് ഈയിടെയായി’ …. അച്ഛൻ.
‘കുട്ടിയുടെ തൂക്കം കുറയുന്നില്ലേ എന്നു സംശയം’ …. അപ്പൂപ്പൻ.
‘എന്റെ കൂടെ കളിക്കുന്നതും കുറവാ ഈയിടെയായി’ …. ചേട്ടൻ.
ആദ്യത്തെ ഭയമൊക്കെ മാറിയപ്പോൾ മാളൂട്ടി ചുറുചുറുക്കോടെ മുറിയിൽ ഓടി നടക്കാൻ തുടങ്ങി. തെല്ലൊന്നു ബുദ്ധിമുട്ടിയിട്ടാണെങ്കിലും കുഞ്ഞിനെ വിശദമായി പരിശോധിച്ചു.മാളൂട്ടിയുടെ ശ്വസനദഹനപര്യയനനാഡീവ്യൂഹങ്ങൾ കുറ്റമറ്റതാണെന്നും അവളുടെ വളർച്ചയും ബുദ്ധി വികാസവുമെല്ലാം പ്രായത്തിന് ആനുപാതികമാണെന്നും കുഞ്ഞിന് മരുന്നോ രക്തപരിശോധനയോ ഒന്നും തന്നെ ആവശ്യമില്ല എന്നും അവളുടെ സ്നേഹനിധികളായ ബന്ധു മിത്രാദികളെ പറഞ്ഞു ബോധ്യപ്പെടുത്താൻ ഒട്ടേറെ പണിപ്പെടേണ്ടിവന്നു.
മാളൂട്ടിയോടുള്ള സ്നേഹാധിക്യമാണ് ഈ പരാതികളുടെയെല്ലാം അടിസ്ഥാനം എന്ന നിഗമനത്തിൽ എത്താൻ എനിക്കു ഒട്ടുംതന്നെ സംശയം വേണ്ടിവന്നില്ല.
വന്നവരെ എല്ലാവരേയും നോക്കിക്കഴിഞ്ഞു.ഇനി ഭക്ഷണം കഴിച്ചിട്ടാകാം അടുത്ത പടി.
ഒ. പി. യിൽ നിന്നും ഇറങ്ങാൻ ആലോചിച്ചു കൊണ്ടിരുന്ന എന്റെ മുന്നിലേയ്ക്ക് ക്ഷീണിച്ചുമെലിഞ്ഞ ഒരു രൂപം വേച്ചുവേച്ചു നടന്നുവന്നു.നന്നേ ക്ഷീണിച്ച മുഖം,കുഴിഞ്ഞ കണ്ണുകൾ, ഒട്ടിയ കവിൾത്തടങ്ങൾ,ഉണങ്ങിച്ചുളിഞ്ഞ തൊലി,മെല്ലിച്ച കൈകാലുകൾ, ദയനീയമായ നോട്ടം…തീരെ പതിഞ്ഞ ക്ഷീണിതമായ സ്വരത്തിൽ അവർ അപേക്ഷിച്ചു, ‘എന്നെക്കൂടി ഒന്നു നോക്കുമോ മോളേ….’
ഒരിക്കലും ഉപേക്ഷിക്കാൻ കഴിയാത്ത ദീനമായ അപേക്ഷ…
‘പാവം അമ്മ.അവരെ ആരോ കൊണ്ടുവന്നു physician’s ഒ. പി.യുടെ മുന്നിൽ ഇരുത്തിയതാണ്.പരിചയമുള്ള ആരോ ആണ്.അവിടെ പേര് വിളിച്ചത് അമ്മ കേട്ടില്ല.എല്ലാവരേയും കണ്ടു കഴിഞ്ഞു ഡോക്ടർ ഊണുകഴിക്കാൻ പോയി.എന്ത് ചെയ്യും എന്നറിയാതെ ഡോക്ടർ ഉള്ള ഒ. പി.യിലേക്ക് കയറിവന്നതാണ്’. സിസ്റ്റർ പറഞ്ഞു
കുട്ടികളുടെ ഡോക്ടർ ആണെങ്കിലും പാവം ആ അമ്മയെ അതു പറഞ്ഞു തിരിച്ചു വിടാൻ തോന്നിയില്ല.
‘അമ്മ ഇരിക്കൂ..അമ്മയുടെ പേരെന്താ?’ ഞാൻ ചോദിച്ചു.
‘മാളുക്കുട്ടിയമ്മ’..വളരെ അവശതയോടെ നിർത്തി നിർത്തി അവർ പറഞ്ഞു.
‘ഈശ്വരാ…ബന്ധു മിത്രാദികളുടെ അകമ്പടിയോടെ അല്പം മുൻപ് എന്റെ മുന്നിൽ വന്ന മാളൂട്ടി എന്ന കൊച്ചുകുട്ടി എവിടെ കിടക്കുന്നു.. അനാഥത്വത്തിന്റെ പര്യായമായ ഈ മാളുക്കുട്ടിയമ്മ എവിടെ കിടക്കുന്നു ‘.. പേരുകൾ തമ്മിലുള്ള ബന്ധം യാദൃശ്ചികമാണെങ്കിലും തലമുറകൾക്കിടയിലെ ഈ അവസ്ഥാന്തരം ദയനീയമായ ഒരു ചോദ്യ ചിഹ്നമായി എന്റെ ഹൃദയത്തിൽ തറഞ്ഞു.
‘അമ്മയ്ക്കെന്തു പറ്റി,പറയൂ? ‘ ഞാൻ അവരുടെ കൈകൾ ചേർത്ത് പിടിച്ചുകൊണ്ടു ചോദിച്ചു.
പരിക്ഷീണമായ സ്വരത്തിൽ അവർ പറഞ്ഞു,
‘മോളേ,വിശപ്പ് തീരെയില്ല…
വല്ലാത്ത ക്ഷീണം….
ഒന്നും കഴിക്കാൻ താത്പര്യം ഇല്ല……
ഉറക്കം തീരെ വരുന്നില്ല….
ഓരോന്നോർത്ത് കിടക്കും….
എങ്ങനെയോ നേരം വെളുപ്പിക്കും….
ഒട്ടും വയ്യ….’അൽപ്പം സമയമെടുത്ത് വിക്കി വിക്കി അമ്മ സംസാരിച്ചു.
ഈശ്വരാ…കുഞ്ഞു മാളൂട്ടിയെക്കുറിച്ചു ഇതേ വിവരങ്ങൾ പറയാൻ അവളുടെ കൂടെ ബന്ധു മിത്രാദികളുടെ ഒരു പടയുണ്ടായിരുന്നു…മാളൂട്ടിയമ്മയ്ക്ക് മാളൂട്ടിയമ്മ മാത്രമേയുള്ളൂ…..
അവർ പറഞ്ഞു കൊണ്ടേയിരുന്നു.ഉള്ളിലെ ദുഃഖങ്ങൾ അണ പൊട്ടി കണ്ണീർ ചാലുകളായി ഒഴുകി.ആ അമ്മയുടെ കുഴിഞ്ഞ കണ്ണുകൾ ഒരു വലിയ സങ്കടക്കടലായി മാറി.ഉത്തരമില്ലാത്ത അനേകം ചോദ്യങ്ങൾ എന്റെ ഉള്ളിൽ ഉത്തരങ്ങളായി രൂപാന്തരം പ്രാപിച്ചു. ആ അമ്മ കണ്ണുകൾ തുടച്ചുകൊണ്ട് എപ്പോഴോ യാത്ര പറഞ്ഞിറങ്ങി.
മാളൂട്ടി എന്ന കുഞ്ഞിനെ സംബന്ധിച്ചുള്ള രോഗവിവരണം സ്നേഹാധിക്യത്തിന്റെ ബഹിർസ്ഫുരണമായി ഞാൻ കണ്ടപ്പോൾ, നവതിയോടടുക്കുന്ന മാളൂട്ടിയമ്മയ്ക്കു നേരിടേണ്ടി വരുന്ന സ്നേഹശൂന്യതയാണ് ആ അമ്മയുടെ എല്ലാ അസുഖങ്ങൾക്കും അടിസ്ഥാനം എന്ന് വേദനയോടെ ഞാൻ തിരിച്ചറിഞ്ഞു. വാർദ്ധക്യത്തിലെ അനാഥത്വം ഭീകരമായ അവസ്ഥയാണ്. എല്ലാം വെട്ടിപ്പിടിക്കാനുള്ള വ്യഗ്രതയിൽ നാം സ്വയം തീർത്ത വല്മീകത്തിലേക്ക് ഒതുങ്ങുന്നു.എല്ലാം കൈക്കുമ്പിളിൽ വന്നു ചേർന്നു എന്നു ഊറ്റം കൊള്ളുമ്പോൾ ഏകാന്തതയും അനാഥത്വവും മാത്രമാണ് നാം ആകെ മൊത്തം നേടുന്ന സമ്പാദ്യം.

ഭിഷഗ്വരന് രോഗാതുരൻ ഗുരുസ്ഥാനീയനാണെന്നും പാഠപുസ്തകങ്ങളേക്കാൾ ഉപരിയായി രോഗികളിൽ നിന്നാണ് നാം ആതുരസേവനം പഠിക്കേണ്ടതെന്നും ചൊല്ലിത്തന്ന ഗുരുക്കൻമാർക്ക് പ്രണാമം. രോഗിയെ ശ്രദ്ധാപൂർവം വീക്ഷിക്കുകയും കരുണയോടെ സ്പർശിക്കുകയും ക്ഷമയോടെ ശ്രവിക്കുകയും അവരോടു ശാന്തമായി സംസാരിക്കുകയും ചെയ്യുന്നത് രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും അവശ്യം വേണ്ട സുപ്രധാനഘടകങ്ങളാണെന്ന് ഓതിത്തന്ന അദ്ധ്യാപകർക്ക് വന്ദനം. സ്നേഹവും കരുണയും നിറഞ്ഞ ഒരു വാക്കിനും നോക്കിനും മറുപടിയായി,ഒരു ജൻമം മുഴുവൻ ഒതുക്കിവെച്ച സങ്കടങ്ങൾ പേമാരിയായി പെയ്തിറങ്ങുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്..സാക്ഷ്യം വഹിച്ചിട്ടുണ്ട്-അപ്പോൾ ചികിത്സകനും രോഗിയും പരസ്പരം മനസ്സിലാക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്ന വെറും മനുഷ്യർ മാത്രം. മരുന്നിന്റെ ലോകം മനം മടുപ്പിക്കുന്നതെങ്കിലും ജീവിതം ഒരു വലിയ പാഠപുസ്തകമാണെന്നും ‘അതിങ്കലെങ്ങാണ്ടൊരിടത്തിരുന്ന്’ ഞെളിയുന്ന മർത്യൻ തൃണതുല്യനാണെന്നും ആ ലോകം നമ്മെ പഠിപ്പിക്കുന്നു….

SHARE

LEAVE A REPLY

Please enter your comment!
Please enter your name here