ഭൂമി കുലുക്കങ്ങൾ ഉണ്ടാകുമ്പോൾ ………….

0
310

മെക്സിക്കോയിൽ ഉണ്ടായ ഭൂമികുലുക്കത്തിൽ കുറച്ച് ആൾനാശം സംഭവിച്ചു . മലയാളികൾ അധികം ഉള്ള നാടല്ലെങ്കിലും ഉള്ളവർ സുരക്ഷിതർ തന്നെ.
ഓരോ വർഷവും ലോകത്തുണ്ടാകുന്ന ഭൂരിഭാഗം ദുരന്തങ്ങളും കാലാവസ്ഥയും ആയി ബന്ധപ്പെട്ടതാണ്. ഒന്നുകിൽ വെള്ളപ്പൊക്കം, അല്ലെങ്കിൽ വരൾച്ച, കാട്ടുതീ, അതല്ലെങ്കിൽ കൊടുങ്കാറ്റ്. പക്ഷെ ആളുകളെ കൂടുതൽ കൊല്ലുന്നത് ഇതൊന്നുമല്ല, ജിയോളജിയും ആയി ബന്ധപ്പെട്ട ദുരന്തങ്ങൾ ആണ്, ഭൂമി കുലുക്കം, അതുണ്ടാക്കുന്ന സുനാമി ഇതൊക്കെ. അതുകൊണ്ടു തന്നെ ലോകത്തെവിടെ ഭൂമി കുലുങ്ങിയാലും, അത് മൊമന്റ് സ്കെയിലിൽ ആറിന്റെ മുകളിൽ പോയാൽ ഉടൻ ഞങ്ങൾ ശ്രദ്ധിക്കും.
ആറിന്റെ മുകളിൽ ഉള്ള ഭൂമികുലുക്കം എവിടെ എങ്കിലും ഉണ്ടന്നറിഞ്ഞാൽ ഉടൻ തന്നെ ഞാൻ ചെയ്യുന്നത് രണ്ടു കാര്യങ്ങൾ ആണ്. ഒന്ന് അമേരിക്കൻ ജിയോളജിക്കൽ സർവേയുടെ വെബ്‌സൈറ്റിൽ പോയി നോക്കും. ഭൂകമ്പത്തെ പറ്റി അറിയണമെങ്കിൽ ലോകത്തെ ഏറ്റവും ആധികാരികമായ സോഴ്സ് ആണിത്. മൂന്നു കാര്യങ്ങൾ ആണ് ശ്രദ്ധിക്കേണ്ടത്. ശക്തി എത്രയായിരുന്നു, ഭൂമിയുടെ എത്ര അടിയിൽ ആണ് പ്രഭവ സ്ഥാനം, പ്രഭവസ്ഥാനത്തിന്റെ നേർ മുകളിലുള്ള ഭൂമി കരയാണോ കടലാണോ ഇവയാണ് ആ കാര്യങ്ങൾ.
ഭൂകമ്പത്തിന്റെ ശക്തി അളക്കുന്നത് ലീനിയർ സ്കെയിലിൽ അല്ല. ആറ് എന്നതിനേക്കാൾ ഏതാണ്ട് മുപ്പത് മടങ്ങു ശക്തിയായണ് ഏഴിനുള്ളത്, അതിനും ഏതാണ്ട് മുപ്പത്തി രണ്ടു മടങ്ങാണ് എട്ട്. അപ്പോൾ ആറും എട്ടും തമ്മിലുള്ള മാറ്റം ആയിരം ഇരട്ടിയാണ്. ചുമ്മാതല്ല എട്ടിന്റെ മുകളിൽ ഭൂകമ്പം വരുമ്പോൾ മലപിളരുകയും കടൽ കയറുകയും ചെയ്യുന്നത്. ഒരേ ശക്തിയുള്ള ഭൂകമ്പം കരയിലും കടലിലും ഉണ്ടായാൽ അതിന്റെ പ്രഭാവം രണ്ടു തരത്തിൽ ആണ്. ഭൂമിക്ക് പത്തു കിലോമീറ്റർ താഴെ തുടങ്ങുന്ന ഭൂമികുലുക്കവും അമ്പതു കിലോമീറ്ററിൽ തുടങ്ങുന്ന ഭൂമികുലുക്കവും ഒരുപോലല്ല. സാധാരണഗതിയിൽ പറഞ്ഞാൽ ഇരുപത് കിലോമീറ്ററിന് താഴെ ആണ് പ്രഭവ സ്ഥാനം എങ്കിൽ അതത്ര അപകടകാരി ആവാറില്ല.
ആളെ കൊല്ലുന്നത് ഭൂകമ്പം അല്ല കെട്ടിടങ്ങൾ ആണെന്നാണ് ദുരന്ത ലഘൂകരണത്തിലെ ഒന്നാമത്തെ പാഠം. അതുകൊണ്ട് അടുത്ത പടി ഗൂഗിൾ എർത്ത് എടുത്ത് ലോകത്ത് എവിടെയാണ് ഭൂമികുലുക്കം ഉണ്ടായിരിക്കുന്നത് എന്ന് കണ്ടുപിടിക്കുകയാണ്. വലിയ നഗരത്തിന്റെ അടുത്തുണ്ടാകുന്ന ഭൂമികുലുക്കവും അധികം ആൾ താമസം ഇല്ലാത്ത സ്ഥലത്തുണ്ടാകുന്ന ഭൂമികുലുക്കവും രണ്ടു തരത്തിൽ ഉള്ള നാശങ്ങൾ ആണല്ലോ ഉണ്ടാക്കുക. ആൾപാർപ്പ് ഉള്ള സ്ഥലം ആണെങ്കിൽ അത് കെട്ടിട നിർമ്മാണത്തിന് വേണ്ടത്ര ആധുനിക കോഡുകൾ ഉള്ളതും ഉപയോഗിക്കുന്നതും ആയ നാടാണോ എന്ന് നോക്കും.
ഇപ്പറഞ്ഞതൊക്കെ കണ്ടുപിടിക്കാൻ അഞ്ചു മിനുട്ട് മതി. കെട്ടിട നിർമ്മാണം നന്നായി നിയന്ത്രിക്കപ്പെടാത്ത സ്ഥലവും, നഗരത്തിനടുത്തും, ഭൂമിയിൽ അധികം ആഴത്തിലല്ലാത്ത ഭൂമി കുലുക്കവും ആണെങ്കിൽ ഉടൻ പെട്ടി പാക്ക് ചെയ്യാം. ഇപ്പോഴത്തെ പരിചയം വച്ച് സുനാമിയുടെ വരവും കുറച്ചൊക്കെ നമുക്ക് പ്രവചിക്കാം, പക്ഷെ അക്കാര്യത്തിൽ അത്ര ഉറപ്പു പറയാറായിട്ടില്ല.
ഭൂമി കുലുക്കങ്ങൾ മുൻകൂട്ടി പ്രവചിക്കാൻ പറ്റുമോ എന്ന് പലരും ചോദിക്കാറുണ്ട്. മൃഗങ്ങൾക്കൊക്കെ മുൻപേ അറിയാൻ കഴിവുണ്ട് എന്ന് ആളുകൾ വിശ്വസിക്കുന്നും ഉണ്ട്. കൊടുങ്കാറ്റും മഴയും പോലെ രണ്ടു ദിവസം മുൻപേ പ്രവചിക്കാൻ പറ്റുന്ന ഒന്നല്ല ഭൂമികുലുക്കം. പശുവോ കാക്കയോ ഒക്കെ “അസ്വാഭാവികമായി” പെരുമാറുന്നതു നോക്കിയും നമുക്ക് മുൻകരുതൽ എടുക്കാൻ പറ്റില്ല. കാരണം, ഒന്നാമത് പട്ടിയുടെ പെരുമാറ്റവും ഭൂമികുലുക്കവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടെന്നതിന് തൽക്കാലം ഒരു തെളിവും ഇല്ല. രണ്ടാമത് ട്രാൻസ്‌പോർട്ട് ബസ് പോയാലും പട്ടി കുരയ്ക്കും. അപ്പോൾ പട്ടി കുരക്കുമ്പോൾ എല്ലാം കട്ടിലിനടിയിൽ കയറിയാൽ അതിനേ സമയം ഉണ്ടാകൂ.
ഭൂമികുലുക്കം എന്നത് വളരെ മനസ്സിലാക്കപ്പെട്ടിട്ടുള്ള പ്രകൃതി പ്രതിഭാസം ആണ്. ഭൂകമ്പങ്ങൾ മിക്കവാറും കൃത്യമായ ഇടവേളകളിൽ ആണ് തിരിച്ചു വരുന്നത്, അതിന് ശാസ്ത്രീയമായ കാരണങ്ങൾ ഉണ്ട്. അപ്പോൾ വൻകിട ഭൂകമ്പങ്ങൾ ഉണ്ടായിട്ടുള്ള സ്ഥലത്ത് “അവൻ വീണ്ടും വരും”. അതുകൊണ്ടാണ് ജപ്പാനിലും, സാൻ ഫ്രാൻസിസ്കോയിലും നേപ്പാളിലും ഒക്കെ ഭൂമികുലുക്കം ഉണ്ടാകുമെന്ന് ശാസ്ത്രജ്ഞന്മാർ ധൈര്യമായി പറയുന്നതും, അതിനെതിരെ കെട്ടിട നിർമ്മാണത്തിലും ദുരന്തനിവാരണത്തിലും ഒക്കെ തയ്യാറെടുക്കാൻ പറയുന്നതും.
“അപ്പോൾ കേരളത്തിൽ ഭൂകമ്പം ഉണ്ടാകുമോ ചേട്ടാ ?”
ഒരുകണക്കിന് ഏറ്റവും എളുപ്പമുള്ള ചോദ്യമാണ്. ലോകത്ത് ഓരോ വർഷവും ലക്ഷക്കണക്കിന് ഭൂകമ്പങ്ങൾ ഉണ്ടാകുന്നുണ്ട്, അതിൽ പലതും കേരളത്തിൽ ആണ്. അപ്പോൾ ശാസ്ത്രീയമായി കേരളത്തിൽ ഭൂകമ്പങ്ങൾ ഉണ്ടാകുമോ എന്ന ചോദ്യത്തിന് “ഉറപ്പായും” എന്നാണ് ഉത്തരം.
പക്ഷെ ആളുകൾ ചോദിക്കുന്നത് ശരിക്കും ശാസ്ത്രീയമായ ചോദ്യം അല്ല. മറിച്ച് ജപ്പാനിലും നേപ്പാളിലും ഒക്കെ ഉണ്ടാകാറുള്ള ഏറെ ആളെ കൊല്ലുന്ന ഭൂകമ്പ ദുരന്തങ്ങൾ കേരളത്തിൽ ഉണ്ടാകാനുള്ള സാധ്യതയെ പറ്റിയാണ്. ഇവിടെ ഉത്തരം കൂടുതൽ ബുദ്ധിമുട്ടാണ്. ഇന്ത്യയിലെ ഭൂകമ്പ സാധ്യത മാപ്പനുസരിച്ച് സോൺ ത്രീയിലാണ് കേരളം, അതായത് മിതമായ സാധ്യത ഉള്ള സ്ഥലം. അതേ സമയം കേരളത്തിന്റെ ലഭ്യമായ സമീപകാല ചരിത്രത്തിൽ ഒന്നും വൻകിട ഭൂമികുലുക്കങ്ങൾ ഉണ്ടായതായ ലക്ഷണങ്ങൾ ഇല്ല. അതുകൊണ്ടാണ് കേരളത്തിൽ ഭൂകമ്പം ഉണ്ടാകുമോ എന്ന പേടി എന്റെ ഉറക്കം കളയാത്തത് (വെള്ളപ്പൊക്കത്തിന്റെയും ഓയിൽ സ്പില്ലിന്റെയും ടാങ്കർ അപകടം തൊട്ടു ഫാക്റ്ററി അപകടം വരെയുള്ളതിന്റെ കാര്യം പക്ഷെ അങ്ങനെ അല്ല.).

Comments

comments

SHARE

LEAVE A REPLY

Please enter your comment!
Please enter your name here