തെയ്യം

0
547

ഉത്തരകേരളത്തിൽ പ്രചാരത്തിലുള്ള അനുഷ്ഠാനകലകളിൽ ഒന്നാണു് തെയ്യം. ആര്യാധിനിവേശത്തിനു കീഴ്പ്പെടാത്ത ദ്രാവിഡപ്പഴമയാണ്‌ തെയ്യങ്ങൾ എന്ന് അഭിപ്രായമുണ്ട് .പഴയങ്ങാടിപ്പുഴയ്ക്കു വടക്കോട്ട്‌ കളിയാട്ടം എന്നും പഴയങ്ങാടി മുതൽ വളപട്ടണം വരെ തെയ്യം എന്നും അല്പവ്യത്യാസങ്ങളോടെ തെയ്യം അറിയപ്പെടുന്നു
നൃത്തം ചെയ്യുന്ന ദേവതാസങ്കല്പമാണ്‌ തെയ്യം. തെയ്യത്തിന്റെ നർത്തനം തെയ്യാട്ടം എന്നും തെയ്യത്തിന്റെ വേഷം തെയ്യക്കോലം എന്നും അറിയപ്പെടുന്നു. ദേവാരാധന നിറഞ്ഞ തെയ്യംകലയിൽ മന്ത്രപരമായ അനുഷ്ഠാനം, തന്ത്രപരമായ അനുഷ്ഠാനം, കർമ്മപരമായ അനുഷ്ഠാനം, വ്രതപരമായ അനുഷ്ഠാനം എന്നിവ ഇടകലർന്നുകാണുന്നു. പ്രധാനമായും അമ്മ ദൈവങ്ങൾ ആണ് തെയ്യങ്ങൾ (ഉദാ: മുച്ചിലോട്ട് ഭഗവതി) . കൂടാതെ വീരന്മാരെയും തെയ്യങ്ങൾ ആയി ആരാധിക്കുന്നു.(ഉദ:കതിവന്നൂർ വീരൻ). ഏതാണ്ട്‌ അഞ്ഞൂറോളം തെയ്യങ്ങൾ ഉണ്ടെന്നാണു പറയപ്പെടുന്നത്‌. എങ്കിലും നൂറ്റിരുപതോളം തെയ്യങ്ങളാണ്‌ സാധാരണമായിട്ടുള്ളത്‌.
വൃക്ഷാരാധന, പർവതാരാധന, അമ്മദൈവാരാധന, പ്രേതാരാധന, ശൈവ-വൈഷ്ണവാരാധന എന്നിങ്ങനെ പല ആരാധനാരീതികളുടേയും സമന്വയമാണ്, തെയ്യം.
ഐതിഹ്യം
ഓരോ തെയ്യത്തിന്റേയും തുടക്കത്തിനു് പിന്നിൽ അതാതു ദേശവും കാലവുമനുസരിച്ചു് വ്യത്യസ്ത ഐതിഹ്യങ്ങളുണ്ടു്, ഇന്ത്യയിലെ പ്രാദേശിക ആചാരങ്ങളും അനുഷ്ഠാനങ്ങളും ബ്രാഹ്മണമേധാവിത്വമുള്ള ഹൈന്ദവസംസ്കാരത്തിന്റെ ഭാഗമാണെന്നു് സ്ഥാപിച്ചെടുക്കാനുള്ള ശ്രമങ്ങൾ ആദി ശങ്കരാചാര്യരുടെ കാലംതൊട്ടു് നടന്നിട്ടുണ്ടു്. തെയ്യങ്ങളുടെ പിന്നിലും ബ്രാഹ്മണ്യവുമായി ബന്ധപ്പെട്ട ഏക ഐതിഹ്യമുണ്ടെന്നു് സ്ഥാപിക്കാനുള്ള ശ്രമങ്ങളുണ്ടായിട്ടുണ്ടു്. ബ്രാഹ്മണർ അധികമായും കാണപ്പെട്ടിരുന്ന കോലത്തുനാട്ടിലെ പയ്യന്നൂരും പെരിംചെല്ലൂരും (തളിപ്പറമ്പ) അമ്പലങ്ങൾ ധാരാളമായി ഉണ്ടായത് തെയ്യങ്ങളുടേയും മറ്റ് അനുബന്ധകലകളുടേയും പ്രചാരത്തിന് കാരണമായി. കേരളോൽപ്പത്തി പ്രകാരം പരശുരാമനാണ് കളിയാട്ടം, പുറവേല, ദേവിയാട്ടം (തെയ്യം) എന്നിവ സൃഷ്ടിച്ചതെന്നാണ്‌ ഐതിഹ്യം. അദ്ദേഹം തെയ്യം കെട്ടാനുള്ള അനുവാദം പാണൻ, വേലൻ, വണ്ണാൻ എന്നീ ജാതികൾക്ക് കൽപ്പിച്ചു കൊടുത്തു[അവലംബം ആവശ്യമാണ്]. ബ്രാഹ്മണന്മാരുടെ മേൽനോട്ടത്തിൽ ഈ ജാതിക്കാർ തെയ്യം രൂപപ്പെടുത്തുകയും വളർത്തിയെടുക്കുകയും മെച്ചപ്പെടുത്തുകയും ചെയ്തു. വളരെ നാൾ കൊണ്ട് സാമൂഹികമായ മാറ്റങ്ങൾ പലതും ഉണ്ടാകുകയും അമ്പലങ്ങൾ മേൽജാതിക്കാരുടെ കൈവശമാകുകയും തെയ്യം താഴ്ന്ന ജാതിക്കാരിൽ മാത്രം നിക്ഷിപ്തമാകുകയും ചെയ്തു. ജാതിവ്യവസ്ഥയ്ക്ക് കാര്യമായ മാറ്റങ്ങൾ ഒരിക്കലും ഉണ്ടാവാതിരുന്നതിനാൽ ഈ ജാതികൾ തമ്മിൽ യാതൊരു സംഘർഷവും നാളിതുവരെ തെയ്യത്തിന്റെ പേരിൽ ഉണ്ടായില്ല. എന്നാൽ തെയ്യങ്ങളിലും അതിന്റെ ഐതിഹ്യങ്ങളിലും വൻ തോതിൽ ആര്യവൽക്കരണം നടന്നിട്ടുണ്ട്. കൂടാതെ കാവുകളുടെ പേരിൽ പോലും ഇന്ന് “ക്ഷേത്ര”വല്കരണം നടന്നിരിക്കുന്നു.
സാമൂഹിക പ്രാധാന്യം
തെയ്യത്തിൽ കാണുന്ന മാപ്പിളച്ചാമുണ്ഡി, മുക്രിത്തെയ്യം, ആലിത്തെയ്യം, ഉമ്മച്ചിത്തെയ്യം മുതലായ മാപ്പിളത്തെയ്യങ്ങൾ മലബാറിന്റെ സാമൂഹികനിഷ്പക്ഷതയ്ക്ക്‌ ഉത്തമോദാഹരണമാണ്‌. ‘നാങ്കളെ കൊത്ത്യാലുമൊന്നല്ലേ ചോര, നീങ്കളെ കൊത്ത്യാലുമൊന്നല്ലേ ചോര'(എല്ലാവരുടേയും രക്തത്തിൻറെ നിറം ഒന്നു തന്നെ എന്ന്) എന്നു ചോദിക്കുന്ന പൊട്ടൻ തെയ്യവും തെളിയിക്കുന്നതും മറ്റൊന്നല്ല.

തെയ്യക്കാലം
തുലാമാസത്തിൽ ( ഒക്ടോബർ-നവംബർ) പത്താം തീയ്യതി കൊളച്ചേരി ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രം ചാത്തമ്പള്ളി വിഷകണ്ഠൻ, നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് എന്നിവടങ്ങളിലെ കളിയാട്ടത്തോടെയാണ് വടക്കേ മലബാറിലെ തെയ്യക്കാലം തുടങ്ങുന്നതു്. ഇടവപ്പാതിയിൽ (ഏകദേശം ജൂൺ 15) വളപട്ടണം കളരിവാതുക്കൽ ക്ഷേത്രത്തിൽ ഭഗവതിയുടെ തെയ്യം, നീലേശ്വരം മന്നൻപുറത്ത് കാവിൽ കലശം എന്നിവയോടെ കളിയാട്ടക്കാലം അവസാനിക്കും. കോലത്തിരിരാജാവിന്റെ ആജ്ഞയനുസരിച്ചു കരിവെള്ളൂർ മണക്കാടൻ ഗുരുക്കൾ ഒറ്റ ദിവസം തന്നെ 39 തെയ്യങ്ങളെ കെട്ടിയെന്നു് ഐതിഹ്യമുണ്ടു്. മണക്കാടൻ ഗുരുക്കളാണ് തെയ്യത്തിന് രൂപവും ഭാവവും നൽകിയത്.

പയ്യന്നൂർ കൊക്കാനിശ്ശേരി കണ്ടമ്പത്ത് ദേവസ്ഥാനം( തെയ്യം ആരംഭം )
ഓരോ ഊർക്കോവിലകത്തും (ഓരോ നാടിനും കേന്ദ്രമായി നിലകൊള്ളുന്ന പ്രധാന ക്ഷേത്രം) ഏതേതു കാവുകളിലാണ് തെയ്യം തുടങ്ങേണ്ടത് എന്നുള്ളതിനു നിശ്ചിത ക്രമങ്ങളുണ്ട്. പയ്യന്നൂർ ഊർക്കോവിലകത്ത് പയ്യന്നൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നവംബർ 16 ന് ആരംഭിച്ച് 16 ദിവസം നീണ്ടു നിൽക്കുന്ന ആരാധനാ മഹോത്സവം കഴിഞ്ഞാലുടനെ ഡിസംബർ മൂന്നിന് പയ്യന്നൂർ കൊക്കാനിശ്ശേരി കണ്ടമ്പത്തു ദേവസ്ഥാനത്താണ് തെയ്യം ആരംഭിക്കുക. ഇതിനിടെ ഈയ്യിടെയായി ചില തറവാട്ടു വീടുകളിൽ തെയ്യം കെട്ടിയാടാറുണ്ടെങ്കിലും പൊതുവാൾ സമുദായ ക്ഷേത്രമായ കണ്ടമ്പത്തു ദേവസ്ഥാനത്തെ തെയ്യത്തോടെയാണ് ഔപചാരികമായ തുടക്കം കുറിക്കുക. പയ്യന്നൂർ ഊർക്കോവിലകത്തെ മറ്റൊരു പ്രത്യേകത പെരുന്പയിൽ നിന്നാരംഭിച്ച് കൊറ്റിയിൽ അവസാനിക്കുന്ന പ്രധാന നഗര വീഥിയുംടെ തെക്കു ഭാഗത്ത് തെയ്യം കെട്ടിയാടാൻ പ്രബല സമുദായമായ വണ്ണാൻമാർക്കു മാത്രമേ അവകാശമുള്ളു. റോഡിൻറെ വടക്കു ഭാഗത്ത് വണ്ണാൻമാരും മലയൻമാരും തെയ്യം കെട്ടിയാടാനുള്ള അവസരം പങ്കിടുന്നു. റോഡിൻറെ തെക്കുഭാഗത്തു സ്ഥിതി ചെയ്യുന്ന മാവിച്ചേരി ഭഗവതി ക്ഷേത്രത്തിൽ വണ്ണാൻമാർക്കൊപ്പം അവരിൽ ജാതിയിൽ ശ്രേഷ്ഠരായ അഞ്ഞൂറ്റാൻമാരാണ് പ്രധാന ദൈവമായ തുളുവീരൻ ദൈവത്തെ കെട്ടിയാടുന്നത്. ജാതിയിൽ അഞ്ഞൂറ്റാൻമാർ വേലനാണെങ്കിലും സാധാരണ വേലന്മാരുമായി ഇവർക്കു ബന്ധമൊന്നുമില്ല.

കളിയാട്ടവും പെരുങ്കളിയാട്ടവും
കാവുകളിലോ സ്ഥാപനങ്ങളിലോ തറവാടുകളിലോ നിശ്ചിതകാലത്തു നടത്തിവരുന്ന തെയ്യാട്ടത്തിനു പൊതുവേ ‘കളിയാട്ടം’ എന്നാണു പറയുന്നത്. കഴകങ്ങളിലും കാവുകളിലും ചില പ്രമുഖ തറവാടുകളിലും ആണ്ടുതോറും തെയ്യാട്ടം നടത്തുന്നതിന് സ്ഥിരമായി മാസവും തീയതിയും നിശ്ചയിച്ചിരിക്കും. ഇത്തരം കളിയാട്ടോത്സവങ്ങളെ കല്പനകളിയാട്ടം എന്നു പറയും. എന്നാൽ, പ്രമുഖങ്ങളായ ചില കഴകങ്ങളിലും കാവുകളിലും വർഷംതോറും കളിയാട്ടം പതിവില്ല. പത്തോ പതിനഞ്ചോ ഇരുപത്തഞ്ചോ വർഷങ്ങൾ കൂടുമ്പോൾ മാത്രമാണ് അവിടങ്ങളിൽ കളിയാട്ടം നടത്തുന്നത്. ആർഭാടപൂർവം നടത്തപ്പെടുന്ന അത്തരം കളിയാട്ടങ്ങളെ ‘പെരുങ്കളിയാട്ട’മെന്നാണു പറയുന്നത്. സാധാരണ തെയ്യാട്ടത്തിനോ കളിയാട്ടത്തിനോ ഉള്ളതിനെക്കാൾ ചടങ്ങുകളും അനുഷ്ഠാനങ്ങളും പെരുങ്കളിയാട്ടത്തിനുണ്ട്. ചിലേടങ്ങളിൽ പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി ആയിരക്കണക്കിനു ഭക്തജനങ്ങൾക്ക് അന്നമൂട്ടുന്ന പതിവുമുണ്ട്. കളിയാട്ടത്തിലെ ദേവതമാരിൽ നല്ലൊരു ഭാഗം കാളിയോ കാളിയുടെ സങ്കല്പഭേദങ്ങളോ ആണെന്നതിൽ പക്ഷാന്തരമില്ല. അതിനാൽ ‘കാളിയാട്ട’മാണ് ‘കളിയാട്ട’മായതെന്നു ചിലർ കരുതുന്നു. ‘കളി’യും ‘ആട്ട’വും ഇതിലുള്ളതിനാലാണ് ‘കളിയാട്ട’മായതെന്നു മറ്റൊരു പക്ഷം. എന്നാൽ കേരളോത്പത്തി എന്ന ഗ്രന്ഥത്തിൽ തീയാട്ട്, ഭരണിവേല, പൂരവേല തുടങ്ങി കാവുകളിലെ അടിയന്തരങ്ങളുടെ ശൃംഖലയിലാണ് ‘കളിയാട്ട’ത്തെയും പെടുത്തിയിരിക്കുന്നത്. മതപരമായ ഒരു നാടകമായിട്ടാണ് ഡോ. ഗുണ്ടർട്ട് ഇതിനെ കണ്ടത്. ‘കളിയാട്ട’ത്തിന്റെ അരങ്ങിൽ എല്ലാ തെയ്യങ്ങൾക്കും പ്രവേശനമില്ല. കാവുകളിലോ കഴകങ്ങളിലോ ‘സ്ഥാന’ങ്ങളിലോ തറവാടുകളിലോ വച്ച് നടത്താറുള്ളതിനെ മാത്രമേ ‘കളിയാട്ടം’ എന്നു പറയാറുള്ളൂ.

തെയ്യം കെട്ടിയാടുന്ന ഇടങ്ങൾ (തെയ്യസ്ഥാനങ്ങൾ)
കാവ്, കോട്ടം, താനം (സ്ഥാനം), അറ, പള്ളിയറ, മുണ്ട്യ, കഴകം തുടങ്ങിയവയാണ് തെയ്യങ്ങളെ കെട്ടിയാടിക്കുന്ന മുഖ്യസ്ഥാനങ്ങൾ. ആദ്യസങ്കേതങ്ങൾ വൃക്ഷമൂലങ്ങളായിരുന്നിരിക്കാം. പാല, ചമ്പകം, ആല്, ഇലഞ്ഞി തുടങ്ങിയ വൃക്ഷങ്ങൾ ഇന്നും തെയ്യങ്ങളുടെ സങ്കേതങ്ങളായുണ്ട്. കാവുകളുടെ ഉത്പത്തി വൃക്ഷാരാധനയിൽ നിന്നാകാം. ദേവതാസങ്കേതങ്ങളായ കാവുകളിൽ കൽപീഠമോ കൽത്തറയോ മാത്രമേ ഉണ്ടാവുകയുള്ളൂ. എന്നാൽ ചിലേടങ്ങളിൽ പള്ളിയറ (ശ്രീകോവിൽ) പണിതിട്ടുണ്ടായിരിക്കും. ദുർലഭം ചിലവ ചുറ്റമ്പലവും മറ്റുമുള്ള ക്ഷേത്രങ്ങളായി രൂപാന്തരപ്പെട്ടു കാണാം.

കാവുകൾ

കാവുകളിൽ മിക്കതും ഭഗവതിക്കാവുകളാണ്. ഒറവങ്കരക്കാവ്, കരക്കീൽകാവ്, കാപ്പാട്ടുകാവ്, കുട്ടിക്കരക്കാവ്, പാറമേൽക്കാവ്, പ്രമാഞ്ചേരിക്കാവ്, വല്ലാകുളങ്ങരക്കാവ്, കക്കരക്കാവ്, പൂമാലക്കാവ്, കണങ്ങാട്ടുകാവ്, മുച്ചിലോട്ടുകാവ്, തിരുവർകാട്ടുകാവ് എന്നിങ്ങനെ മുഖ്യദേവതകളുടെ പേരുകളിലാണ് കാവുകൾ പലതും അറിയപ്പെടുന്നത്. മുണ്ട്യക്കാവ്, ഊർപ്പഴച്ചിക്കാവ്, പാലോട്ടുകാവ്, അണ്ടലൂർക്കാവ് എന്നിങ്ങനെ പുരുഷദൈവങ്ങൾക്കു പ്രാമുഖ്യമുള്ള കാവുകളുമുണ്ട്. ഓരോ കാവിലും മുഖ്യദേവതയ്ക്കു പുറമേ മറ്റനേകം ഉപദേവതകളും ഉണ്ടായിരിക്കും. ഒറ്റപ്പെട്ട കാവുകളാണ് കൂടുതലെങ്കിലും ചില ദേവതകളുടെ കാവുകൾ വിവിധ ഗ്രാമങ്ങളിൽ ഉണ്ടാകും. വാണിയ (ചക്കാല നായർ) സമുദായക്കാരുടെ ആരാധനാലയമാണ് മുച്ചിലോട്ടുകാവുകൾ. മുച്ചിലോട്ടു ഭഗവതിയെന്ന മുഖ്യദേവതയ്ക്കു പുറമേ കണ്ണങ്ങാട്ടു ഭഗവതി, പുലിയൂരുകാളി, പുലിക്കണ്ടൻ തുടങ്ങിയ ദേവതകളും ചില മുച്ചിലോട്ടുകാവുകളിലുണ്ടാകും. കരിവെള്ളൂരിലാണ് ആദിമുച്ചിലോട്ടുകാവ്. തൃക്കരിപ്പൂർ, കോറോം, കൊട്ടില, കവിണിശ്ശേരി, വളപട്ടണം,കുന്നാവ്, നമ്പ്രം, പെരുതണ, കരിച്ചാടി, അതിയാൽ, നീലേശ്വരം, ക്ണാവൂർ, ക്ളായിക്കോട്, ചെറുവത്തൂർ, ചന്തേര, കാറോൽ, തായനേരി, പയ്യന്നൂര്, രാമന്തളി, എരമം, മാതമംഗലം, വെള്ളോറ, കുഞ്ഞിമംഗലം, കോക്കോട്, വെങ്ങര, അതിയടം, വെള്ളാവ്, കൂവേരി, തലോറ്, കീയാറ്റൂർ, കുറുമാത്തൂർ, കല്യാശ്ശേരി, അരീക്കുളങ്ങര, എടക്കേപ്പുറം, ആറ്റടപ്പ, മുക്വത്ത് എന്നീ പ്രദേശങ്ങളിൽ മുച്ചിലോട്ടുകാവുകളുണ്ട്. ആരിയപൂമാല ഭഗവതിയുടെ ആരാധനാലയമാണ് പൂമാലക്കാവുകൾ. കുറുവന്തട്ട, മണിയറ, തലേനരി, രാമവില്യം, വയലപ്ര, വടക്കൻകൊവ്വൽ, അന്നീകര, കുട്ടമത്ത്, കൊയോങ്കര, കുന്നച്ചേരി തുടങ്ങിയ അനേകം സ്ഥലങ്ങളിൽ പൂമാലക്കാവുകൾ കാണാം. ഈ കാവുകളിൽ മറ്റ് അനേകം ദേവതകളെക്കൂടി ആരാധിച്ചുപോരുന്നു. കേരളത്തിലെ യാദവ വംശജരെന്നു കരുതപ്പെടുന്ന മണിയാണിമാരിൽ ഒരു വിഭാഗക്കാരായ എരുവാന്മാരുടെ ആരാധനാലയങ്ങളാണ് കണ്ണങ്ങാട്ടുകാവുകൾ. കണ്ണങ്ങാട്ടു ഭഗവതിയുടെ ആദിസങ്കേതം വയത്തൂരാണെന്നാണ് ഐതിഹ്യം. കൊറ്റി, കാരളിക്കര, കൊക്കാനിശ്ശേരി, ഫാടനാട്ട്, കാക്കോൽ, കൂറ്റൂർ, പെരിങ്ങോം കിഴക്കെ ആലക്കാട്, പെരിങ്ങോം, ആലപ്പടമ്പ്, രാമന്തളി, വെള്ളോറ എന്നിവിടങ്ങളിൽ കണ്ണങ്ങാട്ടുകാവുകളുണ്ട്.വസൂരി ദേവതകളായ ‘ചീറുമ്പമാ’രുടെ ആരാധനാലയങ്ങളാണ് ചീറുമ്പക്കാവുകൾ. തീയർ, തച്ചന്മാർ (ആശാരിമാർ), മുക്കുവർ, കരിമ്പാലൻ എന്നീ സമുദായക്കാർ ഈ ദേവതമാരെ ആരാധിക്കുന്നു. ചീറുമ്പയ്ക്ക് തെയ്യക്കോലമില്ലെങ്കിലും ആ കാവുകളിൽ മറ്റനേകം തെയ്യങ്ങളുണ്ട്. പീലിക്കോട്, കൊയോൻകര (തൃക്കരിപ്പൂര്), ചെറുവത്തൂർ, പയ്യന്നൂര്, മാടായി എന്നിവിടങ്ങളിലെ ചീറുമ്പക്കാവുകൾ ആശാരിമാരുടേതാണ്.

മുണ്ട്യകൾ
അത്യുത്തരകേരളത്തിൽ തെയ്യാട്ടം നടത്തുന്ന കാവുകളിൽ മറ്റൊന്നാണ് ‘മുണ്ട്യ’കൾ. പണ്ട് ഇവ നായാട്ടു സങ്കേതങ്ങൾ കൂടിആയിരുന്നിരിക്കാം. ചീമേനി, ഒളോറ, പടന്ന, കൊഴുമ്മൻ കൊയോൻകര, നടക്കാവ്, പുലിയന്നൂർ, കുലേരി തുടങ്ങിയ പ്രദേശങ്ങളിൽ മുണ്ട്യക്കാവുകൾ കാണാം. മുണ്ട്യകൾ മിക്കവാറും തീയരുടെ ആരാധനാലയങ്ങളാണ്. ചീമേനി മുണ്ട്യക്കാവ് മണിയാണിമാരുടേതത്രെ. വിഷ്ണുമൂർത്തി, രക്തചാമുണ്ഡി, അങ്കക്കുളങ്ങര ഭഗവതി തുടങ്ങിയ ദേവതകളാണ് പ്രായേണ മുണ്ട്യകളിൽ ആരാധിക്കപ്പെടുന്നത്. ചില മുണ്ട്യകളിൽ വയനാട്ടുകുലവൻ ദൈവവും ഉണ്ട്.

കഴകം
തെയ്യാട്ടസ്ഥാനങ്ങളിൽ ഒരു വിഭാഗമാണ് ‘കഴകം’. തീയർ, മണിയാണിമാർ തുടങ്ങി പല സമുദായക്കാർക്കും ‘കഴക’ങ്ങളുണ്ട്. ഓരോ കഴകത്തിന്റെ കീഴിലും അനേകം കാവുകളും സ്ഥാനങ്ങളും കാണും. കുറുവന്തട്ട, രാമവില്യം, നെല്ലിക്കാത്തുരുത്തി, പാലക്കുന്ന് തുടങ്ങിയ കഴകങ്ങൾ തീയരുടേതാണ്. കാപ്പാട്ടുകഴകം, കല്യോട്ടുകഴകം, മുളയന്നൂർകഴകം, കണ്ണമംഗലംകഴകം തുടങ്ങിയവ മണിയാണിമാരുടെ വകയാണ്. ‘കഴക’ങ്ങളിൽ ‘കഴകി’യായ ഭഗവതിക്ക് മുഖ്യസ്ഥാനമുണ്ട്. മറ്റനേകം ദേവതമാരും അവിടെ ആരാധിക്കപ്പെടുന്നു.

കോട്ടം
ഗ്രാമക്കൂട്ടമായ ‘കഴകം’ തന്നെയാണ് കോട്ടം. ഭഗവതിക്കോട്ടം, ചാമുണ്ഡിക്കോട്ടം, വൈരജാതൻകോട്ടം, പൊട്ടൻ ദൈവത്തിന്റെ കോട്ടം, വേട്ടയ്ക്കൊരുമകൻകോട്ടം എന്നിങ്ങനെയുള്ള കോട്ടങ്ങളിൽ തെയ്യാട്ടം പതിവുണ്ട്.

കൂലോം
തെയ്യാട്ടസ്ഥാനങ്ങളായ ചില ആരാധനാലയങ്ങളെ ‘കുലോം’ (കോവിലകം) എന്നു പറയും. മടിയൻ കുലോം, ഉദിയന്നൂർ കുലോം, പെരട്ടു കുലോം, വടക്കുമ്പാടു കുലോം, കീഴറ കുലോം എന്നിവ പ്രഖ്യാതങ്ങളാണ്. ഇത്തരം കോവിലകങ്ങൾ ചില പ്രത്യേക ദേവതകളുടെ ആരാധനാലയങ്ങളായതിന്റെ പിന്നിൽ പുരാസങ്കല്പങ്ങളുണ്ട്.
മടപ്പുര
മുത്തപ്പൻ ദൈവത്തിന്റെ സ്ഥാനമാണ് പൊടിക്കുളവും മടപ്പുരയും. മടപ്പുര വിപുലമായ ആരാധനാസങ്കേതമാണ്.പ്രധാനമയും കണ്ണുരിലാണ് മടപ്പുരയുംപൊടിക്കളവും ഉള്ളത്.ഏറ്റവും പ്രധാനപെട്ടത്‌ പറശിനികടവ് മുത്തപ്പൻ മടപ്പുരയും .കണ്ണപുരം മടപ്പുരയും ഒപ്പം കുന്നത്തൂർപാടിയുംആണുള്ളത്‌ .

തെയ്യം കെട്ടുന്നവർ (കോലക്കാർ)
തെയ്യം കെട്ടിയാടിവരുന്നത് വണ്ണാൻ, മലയൻ, അഞ്ഞൂറ്റാൻ, മുന്നൂറ്റാൻ, വേലൻ, ചിങ്കത്താൻ, മാവിലൻ, കോപ്പാളർ അഥവാ നൽക്കദായ എന്നീ സമുദായങ്ങളിൽപ്പെട്ടവരാണ്.

വണ്ണാന്മാർ
പെരുമണ്ണാൻ
അത്യുത്തരകേരളത്തിലെ വണ്ണാന്മാർ മറ്റു പ്രദേശങ്ങളിലുള്ള മണ്ണാന്മാരിൽനിന്ന് പലതുകൊണ്ടും ഭിന്നരാണ്. കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ മിക്ക ഗ്രാമപ്രദേശങ്ങളിലും വണ്ണാപ്പുരകൾ ഉണ്ട്. തെയ്യാട്ടത്തിനു പുറമേ തുന്നൽവേല, പാരമ്പര്യവൈദ്യം (പ്രത്യേകിച്ചും ബാലചികിത്സ), എന്നിവയും അവരുടെ കുലത്തൊഴിലുകളാണ്. അകനാൾ നീക്ക്, കെന്ത്രോൻപാട്ട് (ഗന്ധർവൻ പാട്ട്), കുറുന്തിനിപ്പാട്ട്, പക്ഷിപീഡ നീക്ക്, മറ്റു മാന്ത്രികബലികർമങ്ങൾ എന്നിവയിലും വണ്ണാന്മാർ ഏർപ്പെട്ടുവന്നിരുന്നു. ഏറ്റവും കൂടുതൽ തെയ്യങ്ങൾ കെട്ടിയാടിവരുന്നത് വണ്ണാന്മാരാണ്. ഭഗവതി, ഭദ്രകാളി, ഭൂതം, നാഗം, യക്ഷഗന്ധർവൻ, പുലിദൈവങ്ങൾ, വീരന്മാർ തുടങ്ങി വിവിധ തരത്തിലുള്ള തെയ്യങ്ങൾ അവർ കെട്ടിയാടും. ദുർമൃതിയടഞ്ഞ മനുഷ്യരുടെയും മൺമറഞ്ഞ പൂർവികരുടെയും വീരവനിതകളുടെയും വീരപുരുഷന്മാരുടെയും സങ്കല്പങ്ങളിലുള്ള തെയ്യങ്ങളിൽ ഭൂരിഭാഗവും വണ്ണാന്മാരാണ് കെട്ടുന്നത്. ദേവതകളെ പുരസ്കരിച്ചുള്ള തോറ്റംപാട്ടുകളും ഇവർക്കിടയിൽ സമൃദ്ധമായുണ്ട്.ഇവർ മരുമക്കത്തായം സംബ്രദായം തുടരുന്നു.

മലയർ
കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ മലയർ തെയ്യം കെട്ടിവരുന്നവരാണ്. മലയക്കുടികളില്ലാത്ത ഗ്രാമങ്ങൾ ഇവിടങ്ങളിൽ കുറവാണ്. ശ്രീമഹാദേവന്റെ പിണിയൊഴിപ്പാൻ പിറന്ന ‘ഭദ്രദേവവർഗ’മാണ് തങ്ങളെന്ന് ഇവർ ‘കണ്ണേർപാട്ടി’ൽ അവകാശപ്പെടുന്നു. പാടുന്നതിലും കൊട്ടുന്നതിലും മലയർക്കു പ്രത്യേക വൈദഗ്ദ്ധ്യമുണ്ട്. മറ്റു വിഭാഗക്കാരുടെ തെയ്യത്തിനും ഇവർ വാദ്യക്കാരായി പോകും. മലയികൾ നാട്ടുപേറ്റിച്ചികളായിരുന്നു. മാന്ത്രിക പാരമ്പര്യവും മലയർക്കുണ്ട്. മലയൻ കെട്ട്, കണ്ണേർ പാട്ട് എന്നിവ ഇവർ നടത്തിവരുന്ന കർമങ്ങളാണ്. കാർഷിക-ഗോസമൃദ്ധിക്കു വേണ്ടിയുള്ള ‘കോതമൂരിയാട്ടം’ (ഗോദാവരിയാട്ടം) എന്ന കലയും മലയരുടെ പൈതൃകമാണ്. ഭൈരവൻ, കുട്ടിച്ചാത്തൻ, ഗുളികൻ, പൊട്ടൻ, ഉച്ചിട്ട, കുറത്തി എന്നീ മന്ത്രമൂർത്തികൾ മലയത്തെയ്യങ്ങളിൽ മുഖ്യങ്ങളാണ്. രക്തചാമുണ്ഡി, രക്തേശ്വരി, വിഷ്ണുമൂർത്തി, മടയിൽചാമുണ്ഡി, കണ്ഠാകർണൻ (ഘണ്ടാകർണൻ), വസൂരിമാല, കരിവാൾ എന്നിവയും മലയർ കെട്ടിയാടുന്ന തെയ്യങ്ങളിൽപ്പെടുന്നു.ഇവരിൽ ഓരോ ദേശത്തിനും തെയ്യക്കോലം ധരിക്കാൻ ഓരോ കുടുംബങ്ങൾ ഉണ്ട് അവകാശികൾ ആയിട്ട്, ചില കോലം ധരിക്കാൻ ആചാരപെട്ടവർ തന്നെ വേണം, മൂവാളം കുഴി ചാമുണ്ടി കോലം ഇതിൽ പെടുന്നു. ഇവരുടെ കൂട്ടത്തിൽ ആചാരപെടുന്നവരെ പണിക്കർ എന്നാണ് അറിയപെടുന്നത്. ഓരോ ദേശത്തിനും ഓരോ പെരുമലയൻ സ്ഥാനപേരും ഉണ്ട്.ഇതിൽ പ്രധാന പെട്ടതാണ് കരിവെള്ളൂർ പെരുമലയൻ, കാങ്കോൽ പെരുമലയൻ, ചീമേനി അള്ളടോൻ.

വേലന്മാർ
കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ വേലന്മാർ തെയ്യാട്ടക്കാരാണ്. മറ്റു പ്രദേശങ്ങളിലെ വേലന്മാരിൽനിന്ന് ഭിന്നരാണിവർ. ‘തുളുവേല’ന്മാരായ ഇവരുടെ ആദിസങ്കേതം തുളുനാട്ടിലെ കുണ്ഡോറ എന്ന സ്ഥലമായിരുന്നുവത്രെ. കുണ്ഡോറച്ചാമുണ്ഡി വേലരുടെ പ്രധാന തെയ്യമാണ്. പുള്ളിക്കുറത്തി, കുഞ്ഞാർകുറത്തി, ധൂമഭഗവതി, പഞ്ചുരുളി, മലങ്കുറത്തി, ചുടലഭദ്രകാളി, പുള്ളിച്ചാമുണ്ഡി, കാലചാമുണ്ഡി, ഗുളികൻ, ബപ്പിരിയൻ, അയ്യപ്പൻ തുടങ്ങി അനേകം തെയ്യങ്ങൾ വേലത്തെയ്യങ്ങളിൽപ്പെടുന്നു. തെയ്യാട്ടത്തിന് ചെണ്ടകൊട്ടുവാനും പാടുവാനും വേലത്തികൾകൂടി പങ്കുകൊള്ളാറുണ്ട്.

അഞ്ഞൂറ്റാൻ
അഞ്ഞൂറ്റാൻ എന്ന ഒരു വിഭാഗക്കാരും തെയ്യം കെട്ടാറുണ്ട്. നീലേശ്വരത്താണ് ഇവരുടെ അംഗസംഖ്യ കൂടുതൽ ഉള്ളത്. ഇവർ വേലന്മാരുടെ ഒരു വിഭാഗമാണെന്നു കരുതുന്നു. വേലൻ അഞ്ഞൂറ്റാൻ എന്നാണ് തങ്ങളുടെ സമുദായത്തിന്റെ പേരെന്ന് ഇവർ പറയുന്നു. എന്നാൽ മറ്റു വേലന്മാരുമായി ഇവർക്ക് ബന്ധം കാണുന്നില്ല. തിറയാട്ടം നടത്തുന്ന മൂന്നൂറ്റാന്മാരുമായിട്ടു മാത്രമേ അല്പം ബന്ധം കാണുന്നുള്ളൂ. തിരുവർകാട്ടു ഭഗവതി, പുതിയ ഭഗവതി, പൂമാരുതൻ, തുളുവീരൻ തുടങ്ങി ഏതാനും തെയ്യങ്ങൾ മാത്രമേ മുന്നൂറ്റാന്മാർ കെട്ടിയാടാറുള്ളൂ. പാനൂരിലെ അഞ്ഞൂറ്റാന്മാർ മുത്തപ്പൻ ദൈവത്തെ കെട്ടിയാടാറുണ്ട്.

മുന്നൂറ്റാൻ
കുട്ടിച്ചാത്തൻ തെയ്യമാണ് ഇവർ കെട്ടിയാടുന്ന പ്രധാന തെയ്യം.നാഗഭഗവതി,ചെറിയ ഭഗവതി, പുള്ളിവേട്ടയ്ക്കൊരുമകൻ,വലിയ തമ്പുരാട്ടി,വസൂരിമാല,ശ്രീപോർക്കലി, തുടങ്ങിയ തെയ്യങ്ങളും ഇവർ കെട്ടിയാടാറുണ്ട്.

മാവിലർ
ഹോസ്ദുർഗ്, തളിപ്പറമ്പ് താലൂക്കുകളിൽ കണ്ടുവരുന്ന മാവിലരും തെയ്യംകെട്ടിവരുന്നവരാണ്. മാവിലരിൽ മലയാളം സംസാരിക്കുന്നവരും തുളു സംസാരിക്കുന്നവരുമുണ്ട്. തുളുമാവിലരുടെ ഒരു അവാന്തരവിഭാഗമാണ് ഹോസ്ദുർഗ് താലൂക്കിലെ ചിറവർ. മാവിലർ കെട്ടിയാടാറുള്ള വിഷ്ണുമൂർത്തി, ചാമുണ്ഡി, കുറത്തി, കുറവൻ, ഗുളികൻ, കാപ്പാളത്തി ചാമുണ്ഡി, വേത്താളൻ, കാട്ടുമടന്ത, മന്ത്രമൂർത്തി തുടങ്ങിയ തെയ്യങ്ങളെല്ലാം ചിറവരും കെട്ടിവരുന്നു. മലയാളമാവിലർ ഈ തെയ്യങ്ങൾക്കു പുറമേ മംഗലച്ചാമുണ്ഡി, കരിയത്തുചാമുണ്ഡി, വണ്ണാത്തി ഭഗവതി, കമ്മിയമ്മ, പരാളിയമ്മ, വീരഭദ്രൻ, വീരമ്പിനാർ തുടങ്ങിയ തെയ്യങ്ങളും കെട്ടിയാടും.

ചിങ്കത്താന്മാർ
ഏഴിമല, പെരുവാമ്പ, കുറ്റൂര്, കോയിപ്പാറ, പെരിങ്ങോം എന്നീ പ്രദേശങ്ങളിൽ (കണ്ണൂർ ജില്ലയിൽ) വസിക്കുന്ന ചിങ്കത്താന്മാർ തെയ്യം കെട്ടിയാടുന്നവരാണ്. കോലത്തിരി രാജാക്കന്മാരുടെ ചുങ്കം പിരിവുകാരായിരുന്നു തങ്ങളെന്നും, തമ്പുരാന്റെ കല്പനപ്രകാരമാണ് തങ്ങൾ തെയ്യം കെട്ടുവാൻ തുടങ്ങിയതെന്നും അവരിൽ ചിലർ പറയുന്നു. ഇതെന്തായാലും കോലത്തിരിമാരുടെ ആരാധനാലയങ്ങളായ തിരുവാർകാട്ടുകാവിലും വീരചാമുണ്ഡിക്ഷേത്രത്തിലും ചിങ്കത്താന്മാരുടെ തെയ്യങ്ങൾക്കു പ്രാമുഖ്യമുണ്ട്. മലയാളമാവിലരുമായി പല കാര്യങ്ങളിലും ഇവർക്കു ബന്ധം കാണുന്നു. തായിപ്പരദേവത, വീരചാമുണ്ഡി, പുതിയ ഭഗവതി, കമ്മിയമ്മ, പരാളിയമ്മ, വണ്ണാത്തി ഭഗവതി, നാഗകന്നി, ആനാടി ഭഗവതി, മംഗലച്ചാമുണ്ഡി എന്നീ തെയ്യങ്ങൾ ചിങ്കത്താന്മാർ കെട്ടിയാടാറുണ്ട്.

കോപ്പാളർ

കാസർഗോഡ്, ഹോസ്ദുർഗ് എന്നീ താലൂക്കുകളിൽ കണ്ടുവരുന്ന കോപ്പാളർ നൽക്കദായ എന്ന വിഭാഗക്കാർ കോലം കെട്ടിയാടിവരുന്നവരാണ്. കുണ്ടാർചാമുണ്ഡി, കുഞ്ഞാലക്കുറത്തി, ധൂമാഭഗവതി, ഗുളികൻ, കല്ലുരൂട്ടി, പടിഞ്ഞാറെച്ചാമുണ്ഡി, പഞ്ചുരുളി, അണ്ണപ്പഞ്ചുരുളി എന്നീ ദേവതകളുടെ തെയ്യങ്ങൾ കോപ്പാളരുടെ തെയ്യങ്ങളിൽ പ്രധാനപ്പെട്ടവയാണ്.

പുലയർ
കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലെ പുലയർ അവരുടെ ദേവതാസ്ഥാനങ്ങളിലും കോട്ടങ്ങളിലും ഭവനങ്ങളിലും തെയ്യം കെട്ടിയാടാറുണ്ട്. പൂർവികരായ കാരണവന്മാരുടെയും മൺമറഞ്ഞ വീരപുരുഷന്മാരുടെയും സങ്കല്പത്തിലുള്ള കോലങ്ങൾ ധരിച്ചാടുന്നതിൽ പുലയർ പ്രത്യേകം താത്പര്യമുള്ളവരാണ്. പുലിമറഞ്ഞ തൊണ്ടച്ചൻ (കാരികുരിക്കൾ), മരുതിയോടൻ കുരിക്കൾ, പനയാർകുരിക്കൾ, വെള്ളുക്കുരിക്കൾ, സമ്പ്രദായം, ഐപ്പള്ളിത്തെയ്യം, പൊല്ലാലൻകുരിക്കൾ, വട്ട്യൻപൊള്ള എന്നീ തെയ്യങ്ങൾ ആ വിഭാഗത്തിൽപ്പെടുന്നു. കൂടാതെ, പുലപൊട്ടൻ, പുലഗുളികൻ, കുട്ടിച്ചാത്തൻ, ഉച്ചിട്ട, കുറത്തി, കരിഞ്ചാമുണ്ഡി, കരിവാള്, കലന്താട്ട് ഭഗവതി, കാവുമ്പായി ഭഗവതി, കൊവ്വമ്മൽ ഭഗവതി, ചീറങ്ങോട്ടു ഭഗവതി, ചീറത്തു ഭഗവതി, തമ്പുരാട്ടി, തായിപ്പരദേവത, കരിഞ്ചാമുണ്ഡി, തെക്കൻകരിയാത്തൻ, ധർമദൈവം, നാഗകന്നി, പടമടക്കിത്തമ്പുരാട്ടി, തിരുവപ്പൻ, പുലച്ചാമുണ്ഡി, രക്തേശ്വരി, വിഷ്ണുമൂർത്തി തുടങ്ങിയവയും പുലത്തെയ്യങ്ങളിൽപ്പെടുന്നു.

ചമയങ്ങൾ

തെയ്യം കെട്ടിത്തുടങ്ങുന്നു
മുഖത്തെഴുത്ത്‌, മെയ്യെഴുത്ത്‌, ചമയങ്ങൾ, വേഷങ്ങൾ എന്നിവ ഉപയോഗിച്ചാണു തെയ്യങ്ങളെ പരസ്പരം വേർതിരിക്കുന്നത്‌. അരിപ്പൊടിചാന്ത്‌, ചുട്ടെടുത്ത നൂറ്‌, മഞ്ഞൾപ്പൊടി എന്നിവ നിറങ്ങൾക്കായി ഉപയോഗിക്കുന്നു. ശുദ്ധജലം, വെളിച്ചെണ്ണ എന്നിവ ഉപയോഗിച്ചാണ്‌ നിറങ്ങളെ ചാലിക്കുന്നത്‌. തെങ്ങോലയുടെ ഈർക്കിൽ ചതച്ചാണ്‌ ചായമെഴുത്തിനുപയൊഗിക്കുന്നത്‌. ചിത്രമെഴുത്തുകാരെ എഴുത്താളർ എന്നു പറയുന്നു. തലപ്പാളി, ചെന്നിമലർ എന്നിവ മുഖത്തും, വള, കടകം, ചൂടകം എന്നിവ കൈകളിലും, ചിലമ്പ്‌, മണിക്കയല്‌, പറ്റുമ്പാടകം എന്നിവ കാലിലും തെയ്യവേഷത്തിൽ നിർബന്ധമാണ്‌. കവുങ്ങിൻ (കമുകിൻ) പാളയും മറ്റും കൊണ്ടുള്ള പൊയ്‌മുഖങ്ങൾ അണിയുന്നവരും, പൊയ്‌ക്കണ്ണ്‌ വെച്ചവരും, താടിമീശവെച്ചവരുമായ തെയ്യങ്ങളേയും കാണാം. ചില തെയ്യങ്ങളുടെ മുടിയിലോ അരയ്ക്കോ തീ പന്തങ്ങളും പിടിപ്പിക്കുന്നു.
അവതരണ രീതിയും അനുഷ്ഠാന രീതിയും പ്രാദേശികമായ സമ്പ്രദായത്തെ മുൻ‌നിർത്തിയാണ് . തീയ്യക്കാവിൽ കെട്ടുന്നതുപോലെയായിരിക്കില്ല വാണിയരുടെ കാവിലെ കെട്ട്. മുഖത്തെഴുത്ത്, മുടികൾ, അണിയാഭരണങ്ങൾ, ഉടയാടകൾ തുടങ്ങിയ ചമയങ്ങൾ തെയ്യങ്ങൾക്കു രൂപവൈവിധ്യമുണ്ടാക്കുവാൻ സഹായിക്കുന്നവയാണ്. തലച്ചമയം, അരച്ചമയം, കാൽച്ചമയം, കൈച്ചമയം എന്നിങ്ങനെ അവയെ തരംതിരിക്കാം. ലോഹനിർമിതമായവയൊഴിച്ച് ശേഷം ചമയങ്ങളെല്ലാം കലാകാരന്മാർ തന്നെയാണു രൂപപ്പെടുത്തുന്നത്.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here