ഹരിയാനയിൽ ജാട്ട്‌ വിഭാഗക്കാർ നടത്തുന്ന പ്രക്ഷോഭത്തിൽ സംഘർഷം

0
222

ഹരിയാന;ഹരിയാനയിൽ ജാട്ട്‌ വിഭാഗക്കാർ  നടത്തുന്ന പ്രക്ഷോഭത്തിൽ സംഘർഷത്തിൽ മൂന്നു മരണം 18 പേർക്കു പരുക്കേറ്റു. സ്‌ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ  ഹരിയാന സർക്കാർ  സൈന്യത്തിന്റെ സഹായം തേടി.അക്രമികളെ കണ്ടാലുടൻ  വെടിവയ്‌ക്കാന്‍ നിർദേശം നല്‍കിയിട്ടുണ്ട്‌. സംസ്‌ഥാന സർക്കാരിന്‌ എല്ലാ പിന്തുണയും പ്രഖ്യാപിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌ സിങ്‌, ഹരിയാനയിലേക്ക്‌ ആയിരം അർധസൈനികരെക്കൂടി നിയോഗിച്ചു.സംസ്‌ഥാന മന്ത്രി ക്യാപ്‌റ്റന്‍ അഭിമന്യുവിന്റെ വീടിനു നേർക്ക്‌ ആക്രമണമുണ്ടായി. സമരക്കാർ മന്ത്രിയുടെ വീടിനു തീയിട്ടു. ജാട്ട്‌ ഉള്‍പ്പെടെ നാലു സമുദായങ്ങളെ പിന്നാക്ക സമുദായങ്ങളുടെ പട്ടികയില്‍ ഉൾപ്പെടുത്തുന്ന ബിൽ  അവതരിപ്പിക്കാമെന്നു ഹരിയാന സർക്കാർ  ഉറപ്പുനല്‍കിയിട്ടുണ്ടെങ്കിലും സംഘർഷത്തിന്‌ അയവില്ല. ജാട്ടുകളെ സംവരണപ്പട്ടികയില്‍പ്പെടുത്തുന്നതിനെതിരേ വാല്‍മീകി ഉള്‍പ്പെടെ 35 സമുദായങ്ങള്‍ സംയുക്‌തമായി സമരത്തിനിറങ്ങിയതാണ്‌ പലയിടത്തും സംഘർഷാവസ്‌ഥയ്‌ക്കു വഴിവച്ചത്‌. സുഭാഷ്‌ ചൗക്കിലേക്കുള്ള ഡല്‍ഹി റോഡില്‍ ജാട്ടുകളും ഛോട്ടുറാം ചൗക്ക്‌, ഹിസാര്‍ റോഡ്‌ മേഖലകളിൽ മറ്റു സമുദായങ്ങളും കേന്ദ്രീകരിച്ചാണു സമരം നടത്തിയത്‌.

റോത്തക്ക്‌ പട്ടണത്തിലെ മഹർഷി ദയാനന്ദ്‌ യൂണിവേഴ്‌സിറ്റി കാമ്പസിനു സമീപമാണു പോലീസും സമരക്കാരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്‌. ജാട്ട്‌ വിഭാഗത്തെ ഒ.ബി.സിയില്‍ ഉൽപ്പെടുത്തി സംവരണം അനുവദിക്കുംവരെ സമരം തുടരുമെന്നു ജാട്ട്‌ നേതാക്കള്‍ അറിയിച്ചു. സംവരണം അനുവദിച്ചു നിയമനിര്‍മാണം നടത്തണമെന്നാണ്‌ അവരുടെ ആവശ്യം. ആറു ദിവസം മുമ്പു തുടങ്ങിയ സമരം സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമാസക്‌തമായിരിക്കുകയാണ്‌. സംസ്‌ഥാന മന്ത്രി ക്യാപ്‌ടൻ  അഭിമന്യുവിന്റെ വീടിനു തീവയ്‌ക്കാന്‍ പ്രതിഷേധക്കാര്‍ ശ്രമിച്ചതായി പോലീസ്‌ പറഞ്ഞു. റോഡ്‌ ഉപരോധം മൂലം പലയിടങ്ങളിലും ഗതാഗതം തടസപ്പെട്ടു. നിരവധി വാഹനങ്ങളും വ്യാപാരസ്‌ഥാപനങ്ങളും അഗ്നിക്കിരയായി. വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ അടച്ചിട്ടു.

സമരം ശക്‌തമായ ജില്ലകളില്‍ അധികൃതർ ഇന്റർനെറ്റ്‌, എസ്‌.എം.എസ്‌. സർവീസുകള്‍ക്കു വിലക്കേര്‍പ്പെടുത്തി. സംസ്‌ഥാനത്തെ ക്രമസമാധാനനിലയെപ്പറ്റി പഞ്ചാബ്‌-ഹരിയാന ഹൈക്കോടതി സംസ്‌ഥാന സർക്കാരിനോട്‌ റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ടു. വിഷയം ചർച്ച ചെയ്യാനായി സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചു. ജാട്ട്‌ സംവരണ പ്രക്ഷോഭം സംഘര്‍ഷത്തിലും വെടിവയ്‌പിലും കലാശിച്ച റോത്തക്കിലും ബിവാനി നഗരപ്രവിശ്യയിലും ഇന്നലെ രാത്രി മുതല്‍ കര്‍ഫ്യൂ നിലവില്‍വന്നു. ഹിസാറില്‍ നിന്നും ജയ്‌പൂരില്‍ നിന്നും എത്തിയ കരസേനാ സംഘത്തെ ഒന്‍പതു ജില്ലകളില്‍ വിന്യസിച്ചു. റോത്തക്‌, ജിന്‍ദ്‌, ഝജ്‌ജാർ  ബിവാനി, ഹിസാർ , കെയ്‌താല്‍, സോനേപട്ട്‌, പാനിപ്പട്ട്‌, കർണാല്‍ ജില്ലകളിലാണ്‌ സൈന്യത്തെ നിയോഗിച്ചത്‌. സൈന്യത്തെയും ഭരണകൂടത്തെയും ഏകോപിപ്പിക്കാന്‍ ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.കെ. സിങ്ങും എ.ഡി.ജി.പി. ബി.എസ്‌. സാന്ദുവും സംഘര്‍ഷ മേഖലയില്‍ ക്യാമ്പു ചെയ്യുന്നുണ്ട്‌.

അതേസമയം, ജനക്കൂട്ടം വെടിവച്ചതിനെത്തുടര്‍ന്ന്‌ സുരക്ഷാ ചുമതലയ്‌ക്കു നിയോഗിക്കപ്പെട്ട്‌ ബി.എഫ്‌.എഫ്‌. തിരിച്ചടിക്കുകയായിരുന്നെന്നു ചണ്ഡീഗഡ്‌-ഹരിയാന ഡി.ജി.പി. യശ്‌പാല്‍ സിംഗാല്‍ പറഞ്ഞു. പോലീസുകാർക്കു വെടിയേറ്റതായി സ്‌ഥിരീകരിച്ചിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.

 

SHARE

LEAVE A REPLY

Please enter your comment!
Please enter your name here