ബംഗാളിൽ സി.പി.എമ്മിന്‌ കോണ്‍ഗ്രസ്‌ സംബന്ധം

ന്യൂഡൽഹി:കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പു സഹകരണമുണ്ടാക്കാൻ  സി.പി.എമ്മിന്റെ ചരിത്രതീരുമാനം. പശ്‌ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായി സംബന്ധമുണ്ടാക്കാൻ  സി.പി.എം. കേന്ദ്ര കമ്മിറ്റി പാതി സമ്മതം മൂളി.

നിയമസഭാ തെരഞ്ഞെടുപ്പിൽ  കോണ്‍ഗ്രസുമായി സഖ്യാനുമതി വേണമെന്ന പശ്‌ചിമബംഗാൾ  ഘടകത്തിന്റെ ആവശ്യമാണ്‌ അംഗീകരിച്ചത്‌.

ബി.ജെ.പി. ഒഴികെയുള്ള ജനാധിപത്യ പാർട്ടികളുമായി സഹകരണത്തിനാണു കേന്ദ്രകമ്മിറ്റിയുടെ പച്ചക്കൊടി. ഈ സഹകരണം പോളിറ്റ്‌ ബ്യൂറോയുടെ അനുമതിക്കു വിധേയമാകും. സി.പി.എമ്മിന്റെ സുപ്രധാന തീരുമാനത്തിന്റെ അടിസ്‌ഥാനത്തില്‍ സഹകരണത്തെപ്പറ്റി ചർച്ച ചെയ്യാൻ  കോണ്‍ഗ്രസ്‌ ബംഗാൾ  ഘടകം നേതാക്കളെ പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധി ഡൽഹിക്കു വിളിപ്പിച്ചു.

ബംഗാളിൽ  കോണ്‍ഗ്രസ്‌ സ്‌ഥാനാർഥികള്‍ക്ക്‌ സി.പി.എം. വോട്ട്‌ ചെയ്യുന്ന സാഹചര്യമുണ്ടാകില്ലെന്ന്‌ നേതാക്കള്‍ വ്യക്‌തമാക്കി. ഇത്തരത്തില്‍ സീറ്റ്‌ വിഭജിക്കില്ല. പകരം ചില സ്‌ഥലങ്ങളിൽ  പൊതുസ്‌ഥാനാര്‍ഥിയെന്ന നിലയ്‌ക്ക്‌ സ്വതന്ത്രർ  മത്സരിക്കും. എന്നാൽ  സഹകരണം ഏതുവിധമെന്നത്‌ സംബന്ധിച്ച്‌ ധാരണയുണ്ടാക്കേണ്ടതു ബംഗാൾ  ഘടകമാണെന്നും നേതാക്കൾ  വ്യക്‌തമാക്കി.

കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പിനു ശേഷം നീക്കുപോക്കുകള്‍ നടത്തിയിട്ടുണ്ടെങ്കിലും തെരഞ്ഞെടുപ്പിന്‌ മുമ്പ്‌ സഹകരണമുണ്ടാക്കുന്നത്‌ ഇതാദ്യം. രാഷ്‌ട്രീയപ്പാർട്ടികളുമായി ബംഗാൾ  ഘടകത്തിനു ചർച്ചകൾ  നടത്താം. ഇത്തരത്തില്‍ ഒരു പൊതു പ്ലാറ്റ്‌ഫോം രൂപപ്പെടുത്തണം. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കേന്ദ്രകമ്മിറ്റി പോളിറ്റ്‌ ബ്യൂറോയെ ചുമതലപ്പെടുത്തി. പാർട്ടി നയരേഖയ്‌ക്കു വിരുദ്ധമായി കോണ്‍ഗ്രസുമായി സഖ്യമോ മുന്നണിയോ പാടില്ലെന്നും കേന്ദ്രകമ്മിറ്റി നിർദേശിച്ചു.

ബംഗാളില്‍ ജനാധിപത്യം പുനഃസ്‌ഥാപിക്കുകയെന്നതാണ്‌ പ്രധാനമെന്നു കേന്ദ്ര കമ്മിറ്റിക്കു ശേഷം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഇതിനായി ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന എല്ലാ രാഷ്‌ട്രീയപ്പാർട്ടികളുടെയും സഹകരണം തേടും. സംസ്‌ഥാനത്ത്‌ ജനകീയ മുന്നേറ്റം ശക്‌തിപ്പെടുത്തുകയെന്നതാണ്‌ ഇതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. ബംഗാളിൽ  തൃണമൂൽ കോണ്‍ഗ്രസ്‌ ബി.ജെ.പിയുമായി രഹസ്യബന്ധത്തിലാണെന്നും യെച്ചൂരി ആരോപിച്ചു. ഇതിനായി ശാരദാ ചിട്ടി തട്ടിപ്പ്‌ കേസ്‌ അന്വേഷണം കേന്ദ്രസർക്കാർ  മെല്ലെയാക്കി. കോണ്‍ഗ്രസുമായുള്ള സഹകരണത്തെ പിന്തുണച്ച്‌ വി.എസ്‌. അച്യൂതാനന്ദന്‍ കേന്ദ്രകമ്മറ്റിയില്‍ കത്തു നല്‍കിയതു യെച്ചൂരി സ്‌ഥിരീകരിച്ചു. കത്തിന്റെ ഉള്ളടക്കം വെളിപ്പെടുത്തിയില്ലെങ്കിലും തന്റെ നിലപാട്‌ യോഗത്തെ അറിയിക്കാനും വി.എസ്‌. ആവശ്യപ്പെട്ടതായി യെച്ചൂരി പറഞ്ഞു.

ബംഗാളില്‍ 174 പാര്‍ട്ടി പ്രവർത്തകരെ തൃണമൂല്‍ പ്രവർത്തകര്‍ കൊലപ്പെടുത്തി. പാര്‍ട്ടി പ്രവർത്തകർ  ആക്രമണങ്ങള്‍ക്കിരയാകുന്നു. ലക്ഷക്കണക്കിനു കുടുംബങ്ങള്‍ക്കു പലായനം ചെയ്യേണ്ടിവന്നു. 2000 പേര്‍ക്കു ഗുരുതര പരുക്കേറ്റു. അവിടെ സാധാരണജീവിതം തടയപ്പെട്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ സംസ്‌ഥാനത്ത്‌ ജനാധിപത്യം പുനഃസ്‌ഥാപിക്കാനാണ്‌ തങ്ങള്‍ പ്രാധാന്യം നല്‍കുന്നതെന്നും യെച്ചൂരി പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *